rahim-afan-farsana-family

അഫാന്‍ കൊലപ്പെടുത്തിയ ഫര്‍സാനയെ തനിക്ക് അറിയാമെന്നും മകന്‍ ചെയ്ത തെറ്റിന് ആ കുടുംബത്തോട് മാപ്പിരക്കണമെന്ന് ആഗ്രഹമുണ്ടെന്നും പിതാവ് റഹീം. അവരുടെ പ്രതികരണം എന്താകുമെന്ന് ഭയന്നാണ് പോകാതെയിരിക്കുന്നതെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. സഹോദരിയുടെ മകളാണ് അഫാന് ഫര്‍സാനയെ ഇഷ്ടമാണെന്ന വിവരം തന്നോട് പറഞ്ഞത്. ഇന്‍സ്റ്റഗ്രാമില്‍ ഫൊട്ടോ ഇട്ടത് കണ്ടിട്ടാണ് അവള്‍ പറഞ്ഞത്. ഇക്കാര്യം ഭാര്യ ഷെമിയോട് ചോദിച്ചപ്പോള്‍ ഒപ്പം പഠിക്കുന്ന പെണ്‍കുട്ടിയാണെന്നായിരുന്നു മറുപടി. പിന്നാലെ അഫാനോടും കാര്യം ചോദിച്ചു. ' ഉമ്മ ചുമ്മാ പറയുന്നതാണ് വാപ്പ' എന്നായിരുന്നു അഫാന്‍റെ മറുപടി. ചുമ്മാതൊന്നുമല്ല, ഞാനറി‍‌ഞ്ഞു, നിനക്ക് അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ മനസിലിരിക്കട്ടെ, സ്വന്തമായൊരു നിലനില്‍പ്പാകുമ്പോള്‍, പത്തിരുപത്തിയേഴ് വയസാകുമ്പോള്‍, തൊഴില്‍ കണ്ടെത്തണം, അപ്പോഴും ഇഷ്ടമാണെങ്കില്‍ കല്യാണം കഴിപ്പിച്ച് തരാം', തനിക്ക് വിഷയമില്ലെന്ന് മകനോട് പറഞ്ഞുവെന്ന് റഹീം വെളിപ്പെടുത്തുന്നു. ‌ Read More: '27 വയസാകട്ടെ, ജോലി കിട്ടിയിട്ട് കെട്ടിച്ച് തരാം'

ഫര്‍സാനയുടെ ഫൊട്ടോ അയച്ചു തരാന്‍ മകനോട് ആവശ്യപ്പെട്ടുവെങ്കിലും അയച്ചില്ല. സംസാരിക്കുന്നത് കേട്ട ഇളയമകന്‍ 'വാപ്പാ ​ഞാന്‍ അയച്ചു തരാം' എന്ന് പറഞ്ഞ് വാട്സാപ്പില്‍ അയച്ച് തരികയായിരുന്നുവെന്നും റഹീം പറഞ്ഞു. ഫര്‍സാനയുടെ മാല വാങ്ങി അഫാന്‍ പണയം വച്ചിരുന്നു. വിഷയം വീട്ടില്‍ അറിഞ്ഞതോടെ നിര്‍ബന്ധിച്ച് മാല തിരികെ എടുപ്പിക്കുകയായിരുന്നു. ഇതോടെ ഫര്‍സാനയോടുള്ള സ്നേഹം മാറി പകയായെന്ന് അഫാന്‍ പൊലീസിനോട് വെളിപ്പെടുത്തിരുന്നു. ദുരിതാവസ്ഥയില്‍ ബുദ്ധിമുട്ടിച്ചതോടെയാണ് വകവരുത്താന്‍ തീരുമാനിച്ചതെന്നും അഫാന്‍ മൊഴി നല്‍കി. ഉമ്മ ഷെമിക്ക് സുഖമില്ലെന്ന് പറഞ്ഞാണ് സംഭവ ദിവസം ഫര്‍സാനയെ അഫാന്‍ നിര്‍ബന്ധിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. വീട്ടിലെത്തിയതോടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

അഫാന്‍റെ മനസില്‍ എന്താണ് തോന്നിയതെന്ന് പറയാന്‍ പറ്റുന്നില്ല. ആറര വര്‍ഷം ഞാനില്ലാത്ത കുറവ് ചെറിയ മകന്‍ അഫ്സാനെ അവന്‍ അറിയിച്ചിട്ടില്ല. എല്ലായിടത്തും കൊണ്ടുപോകും, എല്ലാം വാങ്ങിക്കൊടുക്കും. എന്നിട്ടാണ് അവനെയും ഇല്ലാതെയാക്കിയതെന്ന് റഹീം കണ്ണുനീരോടെ പറയുന്നു. മക്കള്‍ക്ക് വേണ്ടിയാണ് ജീവിച്ചത്. രണ്ടുമക്കളും ഇല്ലാതെയായി. ഇനി എവിടേക്കും പോകാനില്ലെന്നും സാമ്പത്തിക ബാധ്യതയ്ക്കും ഭാര്യയുടെ ചികില്‍സയ്ക്കും മുന്നില്‍ പകച്ച് നില്‍ക്കുകയാണ് താനെന്നും റഹീം പറയുന്നു. 

ENGLISH SUMMARY:

Raheem, father of Afan, admitted that he knew about Farsana and expressed his desire to seek forgiveness from her family for his son’s wrongdoing. However, he refrained from approaching them, fearing their reaction.