ഒരു ചോദ്യം മതി ജീവിതം മാറിമറിയാന്‍ എന്ന് പറയുന്നത് ശരിക്കും അനുഭവിച്ചിരിക്കുകയാണ് കോഴിക്കോട് സ്വദേശി റഷീദ്. എയർപോർട്ടിൽ ഒരു തമാശ പറഞ്ഞതാണ്, പക്ഷെ കിട്ടിയത് എട്ടിന്‍റെ പണിയാണ്. സംഭവം ഇങ്ങനെ, കൊച്ചിയിൽ നിന്ന് കോലാലമ്പൂരിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കയറാൻ ബോർഡിങ് പാസ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ റഷീദിനോട് ലഗേജിന്‍റെ ഭാരം എന്തുകൊണ്ടാണ് കൂടുതലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥൻ ചോദിച്ചു.
ഇതിന് ബോംബാണെന്നായിരുന്നു തമാശ രീതിയിലുള്ള മറുപടി. തുടർന്ന് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ നെടുമ്പാശ്ശേരി പൊലിസിൽ ഏൽപ്പിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥരോട് റഷീദ് മോശമായി പെരുമാറിയെന്നാരോപിച്ച് പൊലിസ് കേസെടുത്തുകയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയും ചെയ്തു. ഏതായാലും എയർപോർട്ടിൽ ചെന്നിട്ട് 'ബോംബ്', 'ഹൈജാക്ക്' എന്നീ വാക്കുകൾ വച്ചുള്ള തമാശയ്ക്ക് നില്‍ക്കരുത്, എട്ടിന്‍റെ പണി വരും.