എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് തട്ടേക്കാട് പക്ഷിസങ്കേതവും അനുബന്ധ മേഖലകളും. കാടിനെയും കാട്ടാറിനെയും തൊട്ടറിഞ്ഞ്, വിവിധയിനം പക്ഷിമൃഗാദികളെയും കണ്ട് പെരിയാറ്റിലൂടെ നടത്തുന്ന ബോട്ട് യാത്ര തേക്കടിയിലെ ബോട്ട് യാത്രയ്ക്കൊപ്പം നിൽക്കുന്നതാണ്. ഒരു ഇടവേളക്ക് ശേഷം ഇവിടെ വീണ്ടും ബോട്ടിങ് ആരംഭിച്ചിരിക്കുകയാണ്.
രാത്രിയിൽ വനത്തിനുള്ളിൽ താമസിക്കാൻ ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള വാച്ച്ടവറും, ട്രീ ഹൗസും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. 20 സീറ്റ്, 6 സീറ്റ് വീതമുള്ള രണ്ട് ബോട്ടുകളാണ് സവാരി നടത്തുന്നത്. രാവിലെ 7 മുതൽ 5 മണി വരെയാണ് സമയം. ഒരാൾക്ക് മണിക്കൂറിന് 150 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഫ്രോഗ് മൗത്ത് പക്ഷികളെ അടുത്തു കാണാൻ സാധിക്കുന്ന സ്ഥലമാണ് ഇത്. പക്ഷി നിരീക്ഷണത്തിനുള്ള ഇവിടുത്തെ സൗകര്യം വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെ പ്രയോജനപ്പെടുത്തുന്നുമുണ്ട്. തട്ടേക്കാടേയ്ക്ക് സഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നതാണ് വനംവകുപ്പിന്‍റെ നേതൃത്വത്തിലുള്ള ബോട്ട് യാത്ര.