സംഘടിതമായ വേട്ടയാടലിലും ലൗ ജിഹാദ് ആരോപണത്തിലും വിഷമിച്ച് കേരളത്തിൽ അഭയം തേടിയ ജാർഖണ്ഡ് സ്വദേശികൾക്ക് കായംകുളത്ത് പ്രണയസാഫല്യം. പത്ത് വർഷത്തെ പ്രണയത്തെ കുടുംബങ്ങൾ ശക്തമായി എതിർക്കുകയും, അന്യമതസ്ഥരാണെന്ന കാരത്താൽ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേരളത്തിലെത്തിയ ജാർഖണ്ഡ് സ്വദേശികൾ വിവാഹിതരായത്.
ജാർഖണ്ഡ് ചിത്തർപൂർ ഗ്രാമത്തിലെ മുപ്പതുകാരനായ മുഹമ്മദ് ഗാലിബ്, 27കാരിയായ ആശ ശർമ്മ എന്നിവരാണ് കഴിഞ്ഞ 11-ാം തീയതി വിവാഹിതരായത്. മുഹമ്മദ് ഗരീബ് യു.എ.ഇയിൽ എൻജിനിയറാണ്. കുടുംബം ഇഷ്ടമില്ലാത്ത വിവാഹം നടത്താൻ തീരുമാനിച്ചതോടെ, സ്വന്തം ഇഷ്ടപ്രകാരം താൻ ഇറങ്ങിപ്പോരുകയായിരുന്നു എന്നാണ് പൊലീസിന് ആശ നൽകിയ മൊഴി.
മുഹമ്മദ് ഗാലിബിന്റെ മലയാളി സുഹൃത്ത് ബന്ധം വച്ചാണ് ഇവർ കായംകുളത്തെത്തി വിവാഹിതരായത്. കഴിഞ്ഞ 9ന് ഫ്ലൈറ്റിലാണ് ഇരുവരും കൊച്ചിയിലെത്തിയത്. വിവാഹം നടത്തിയതിന് തൊട്ടുപിന്നാലെ തന്നെ ആശയുടെ കുടുംബം ജാർഖണ്ഡ് പൊലീസിനെയും കൂട്ടി യുവതിയെ തേടിയെത്തിയിരുന്നു.
ആശയെ ജാർഖണ്ഡിലേക്ക് തിരികെ കൊണ്ടുപോകണമെന്ന ഉറച്ച നിലപാടിലായിരുന്നു കുടുംബം. എന്നാൽ ഇരുവർക്കും പ്രായപൂർത്തി ആയതിനാൽ അഭിഭാഷക മുഖേന സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ഡി.ജി.പി, എസ്.പി എന്നിവർക്ക് മെയിൽ അയച്ചിരുന്നു. ദമ്പതികൾക്ക് കായംകുളം പൊലീസ് സംരക്ഷണം ഉറപ്പ് നൽകിയിട്ടുണ്ട്. അവധി കഴിയുമ്പോൾ മുഹമ്മദ് ഗാലീബിന് വിദേശത്തേക്ക് പോകണം. അതിനുള്ളിൽ ബി കോം ബിരുദധാരിയായ ആശയ്ക്ക് കേരളത്തിൽ ജോലി തരപ്പെടുത്താനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കൾ. സുഹൃത്തുക്കളുടെ വീടുകളിൽ മാറിമാറിയാണ് ഇപ്പോൾ ഇരുവരും താമസിക്കുന്നത്.