അധികൃത ബെറ്റിങ്, ഗെയിമിങ് ആപ്പുകളെ പ്രെമോട്ട് ചെയ്ത ഇന്‍ഫ്ളൂവന്‍സര്‍മാരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കേരള പൊലീസ് പൂട്ടിച്ചതിന് പിന്നില്‍ ഒരു ഒറ്റയാള്‍ പോരാട്ടമുണ്ട് . കണ്ടന്‍റ് ക്രിയേറ്റര്‍ കൂടിയായ യെസ് അഭിജിത്തിന്‍റെ. നിയമവിരുദ്ധമായ ബെറ്റിങ്, ഗെയിമിങ് ആപ്പുകള്‍ പ്രെമോട്ട് ചെയ്യുന്ന ഇന്‍ഫ്ളൂവന്‍സര്‍മാരെക്കുറിച്ച് കാലങ്ങളായി അഭിജിത്ത് വിഡിയോ ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്തവരുടെ അക്കൗണ്ടുകള്‍ റദ്ദായതിന് പിന്നാലെയാണ് അഭിജിത്തിനെ പലരും അംഗീകരിച്ചത്.
ആങ്ക്ഗ്രി റീനു, മല്ലു ഫാമിലി സുജിന്‍, നിക്ക് വ്ലോഗ്സ്, അമല ഷാജി, സഞ്ജു ടെക്കി, ഫസ്മിന സക്കീര്‍, മല്ലു ടെക്കി, സ്വാലിഹ്, അഞ്ജലി പി.എസ്, വിജെ മച്ചാന്‍, തൊപ്പി, റിസ്വാന്‍ ഫ്രീ സ്റ്റെല്‍ തുടങ്ങി നിരവധി ഇന്‍ഫ്ളൂവന്‍സര്‍മാര്‍ക്കെതിരെ യെസ് അഭിജിത്ത് വിഡിയോ ചെയ്തിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് വിഡിയോ ചെയ്തതിന് പിന്നാലെ പല ഇന്‍ഫ്ളൂവേഴ്സും തന്നെ ബ്ലോക്ക് ചെയ്തെന്നും അഭിജിത്ത് പറയുന്നു. കാലങ്ങളായി ഇത്തരം തട്ടിപ്പിനെതിരെ പ്രവര്‍ത്തിക്കുന്ന അഭിജിത്ത് കയ്യടി അര്‍ഹിക്കുന്നുണ്ടെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.
ഗോവ ഗെയിംസ്, രാജ ഗെയിംസ്, തെലങ്ക, 81 ലോട്ടറിയെയും ഇത് പോലത്തെ പല തരം കളർ ട്രേഡിംഗ്, ഗാംബ്ലിംങ് ആപ്പുകളും പ്രൊമോട്ട് ചെയ്യരുത് എന്ന് ഇന്‍ഫ്ളൂവേഴ്സിന് മിനിസ്റ്ററി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്കാസ്റ്റിങ്ങിന്‍റെ നിര്‍ദേശം ഉള്ളതാണ്. ഇനി അഥവാ ആരെങ്കിലും പരാതി കൊടുക്കുകയാണ് എങ്കിൽ അക്കൗണ്ട് റിമൂവ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണ് എന്നും നിയമമുണ്ട്.
സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസേഴ്‌സ് ആയ വയനാടൻ വ്‌ളോഗർ, മല്ലു ഫാമിലി സുജിൻ, ഫസ്മിന സാക്കിർ തുടങ്ങിയവരടക്കമുള്ളവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെയാണ് നിലവില്‍ മെറ്റ നടപടി എടുത്തിരിക്കുന്നത്. അഡ്വ. ജിയാസ് ജമാലിന്‍റെ പരാതിയില്‍ നേരത്തെ സൈബര്‍ സെല്ല് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.