വൃക്ക ശസ്ത്രക്രിയയിൽ ഇന്ത്യയിലെ തന്നെ അതിവിദഗ്ദ്ധനായ ഡോക്ടര്‍ ജോര്‍ജ് പി എബ്രഹാം ആത്മഹത്യ െചയ്തുവെന്ന വാര്‍ത്ത ഡോക്ടറെ അറിയാവുന്നവര്‍ക്കെല്ലാം ഉണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല. ഏറ്റവും മികച്ച ഡോക്ടര്‍, എന്തിനിതു ചെയ്തുവെന്ന് എല്ലാവരും ചോദിച്ചു, ഇതേ ചോദ്യമുന്നയിച്ചുള്ള കുറിപ്പുകളാണ് സോഷ്യല്‍മീഡിയകളിലും പ്രചരിക്കുന്നത്.
എത്രയോ ജീവനുകളും ജീവിതങ്ങളും കരകയറ്റിയ ഡോക്ടര്‍, എന്നും ചിരിക്കുന്ന മുഖത്തോടെ ഉന്‍മേഷവാനായി ഊര്‍ജസ്വലനായി ആത്മവിശ്വാസത്തോടെ രോഗികളോടും കൂട്ടിരിപ്പുകാരോടും സംസാരിച്ചിരുന്ന വ്യക്തി, വൃക്കകളെ ഓരോ വ്യക്തികളായി കണ്ട ഡോക്ടര്‍, അവന്‍ എന്നായിരുന്നു വൃക്കകളെ വിളിക്കാറുള്ളതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. മുന്‍പ് ചാനല്‍ പരിപാടികളില്‍ പങ്കെടുക്കാറുള്ള ഡോക്ടറെക്കുറിച്ച് മാധ്യമപ്രവര്‍ത്തകനാണ് ഈ കുറിപ്പ് പങ്കുവച്ചത്. ‘അവനെ റെഡിയാക്കാം, അവനെ എടുത്തുമാറ്റാം, അവൻ്റെ സ്വഭാവം അങ്ങനെയാണ്, അവന് വെള്ളം കൊടുക്കണം, അവനെക്കൊണ്ട് അധികമായി ജോലി ചെയ്യിപ്പിക്കേണ്ട, അവൻ എൻ്റെ കയ്യിലുണ്ട്, അവനെ ഞാൻ സേഫ് ആക്കിയിട്ടുണ്ട്. ഈ രീതിയിലായിരുന്നു ഡോക്ടറുടെ സംസാരം.
ഈ പ്രായത്തില്‍ ഡോക്ടര്‍ എന്തിനിത് ചെയ്തുവെന്നാണ് എല്ലാവരുടെയും സംശയം. പ്രായമായപ്പോള്‍ സര്‍ജറികളൊന്നും ചെയ്യാന്‍ പറ്റാതെ വന്നതിന്റെ വിഷമമെന്നാണ് പുറത്തുവരുന്ന വിവരം. നെടുമ്പാശ്ശേരിയിലെ സ്വന്തം ഫാം ഹൗസിലാണ് ഞായറാഴ്ച രാത്രി ഏറെ വൈകി മൃതദേഹം കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വൃക്കരോഗ വിഭാഗം സീനിയര്‍ സര്‍ജനാണ് ജോര്‍ജ്.പി.എബ്രഹാം.
ഞായറാഴ്ച വൈകീട്ട് സഹോദരനൊപ്പം നെടുമ്പാശേരി തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസില്‍ എത്തിയ ഡോക്ടര്‍ പിന്നീട് സഹോദരനെ പറഞ്ഞുവിട്ട ശേഷം അവിടെത്തന്നെ തങ്ങി. ഡോക്ടറെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു എന്നാണ് സൂചന.