വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ രണ്ടാമത്തെ മകൻ അഫ്‌സാന്റെ മരണവിവരം മാതാവ് ഷെമിയെ അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ചാണ് ഭർത്താവ് അബ്ദുൽ റഹീമിന്റെ സാന്നിധ്യത്തിൽ ബന്ധുക്കൾ വിവരമറിയിച്ചത്. ‘എന്റെ മകൻ പോയി അല്ലേ’ എന്നായിരുന്നു ഷെമിയുടെ പ്രതികരണം. സൈക്യാട്രി വിഭാഗം ഡോക്ടർമാരും മരണവാർത്ത അറിയിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നു.
അഫാൻ അനുജനെ കൊലപ്പെടുത്തിയ വിവരം മാതാവ് ഷെമി ഇതുവരെ അറിഞ്ഞിരുന്നില്ല. അതേസമയം,അഫാനെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ നെടുമങ്ങാട് കോടതിയാണ് അഫാനെ പാങ്ങോട് പൊലീസിനു കൈമാറിയത്. ഇന്ന് പൊലീസ് സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്തശേഷം നാളെ തെളിവെടുപ്പിനു കൊണ്ടുപോകും. ഇതിനുശേഷം വെഞ്ഞാറമൂട് പൊലീസ് റജിസ്റ്റർ ചെയ്ത കേസുകളിൽ കസ്റ്റഡിയിൽ വാങ്ങും.
കുടുംബത്തിന്റെ വലിയ കടബാധ്യതയും ഉമ്മൂമ്മയോടുള്ള കടുത്ത പകയുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അഫാന്‍ പറഞ്ഞു. ഉമ്മൂമ്മയോട് പലതവണ സഹായം ചോദിച്ചിരുന്നു. സ്വര്‍ണമാലയടക്കം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അത് നല്‍കാന്‍ തയ്യാറാവാത്തതുകൊണ്ടാണ് ആദ്യം തന്നെ ഉമ്മൂമ്മയെ കൊലപ്പെടുത്തയതെന്ന് അഫാന്‍ പറഞ്ഞു.