അഫാന്‍ എന്ന യുവാവിന്റെ ആഡംബര ജീവിതവും തുടര്‍ന്നുണ്ടായ കടക്കെണിയുമാണ് വെഞ്ഞാറമൂട് കൂട്ടക്കൊലയിലേക്കെത്തിയത് എന്ന റിപ്പോര്‍ട്ടാണ് ഒടുവില്‍ പുറത്തുവന്നത്. ഉപ്പ അബ്ദുല്‍ റഹീമിന് കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് മൊഴികളില്‍ നിന്നും വ്യക്തമാകുന്നത്. ഇക്കാര്യത്തില്‍ അഫാനെയും ഉമ്മയേയും മുത്തശ്ശിയും കുടുംബവും കുറ്റപ്പെടുത്തിയതാണ് അവരെയെല്ലാം കൊലപ്പെടുത്താന്‍ കാരണമെന്നും അഫാന്‍ മൊഴി നല്‍കിയിട്ടുണ്ട്. അഫാന്റെ വായ്പകളില്‍ ഏറെയും പ്രതിദിന പിരിവ് അടിസ്ഥാനത്തിലുള്ളതായിരുന്നു. ദിവസവും 10,000 രൂപയോളം വിവിധ സാമ്പത്തിക ഇടപാടുകാർക്ക് നൽകേണ്ട വിധത്തിൽ കടക്കെണിയിലായിരുന്നു അഫാനെന്നാണ് കണ്ടെത്തൽ.
പാങ്ങോട് താമസിക്കുന്ന മുത്തശ്ശിയെ കൊലപ്പെടുത്തി തട്ടിയെടുത്ത സ്വർണം പണയം വച്ചതിൽ 40,000 രൂപ കല്ലറയിലെ കാഷ് ഡിപ്പോസിറ്റ് മെഷീനിൽ നിക്ഷേപിച്ച ശേഷമാണ് അഫാൻ പലർക്കും ഗൂഗിൾ പേ വഴി പണം അയച്ചതെന്നു കണ്ടെത്തി. പണം കൊടുത്തതിൽ മാണിക്കൽ പഞ്ചായത്തിലെ സഹകരണ സ്ഥാപനത്തിലെ പ്രതിദിന കലക്‌ഷൻ ഏജന്റും ഉൾപ്പെടുന്നു. കടബാധ്യത സംബന്ധിച്ച് അഫാന്റെ മൊഴിയും പിതാവ് അബ്ദുൽ റഹിം നൽകിയ വിവരങ്ങളും തമ്മിലെ പൊരുത്തക്കേട് നീക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല.
അഫാന്റെ കുടുംബത്തിന് കടബാധ്യതയില്ലെന്നാണു പിതാവ് അബ്ദുൽ റഹിം നൽകിയ മൊഴി. തനിക്കു പണം അയച്ചു തരാറില്ലായിരുന്നെന്നും പൊലീസിനോടു പറഞ്ഞിരുന്നു. 5 ലക്ഷം രൂപ അയച്ചുകൊടുത്തതായി ബാങ്ക് രേഖകളിലുണ്ടെങ്കിലും ബാക്കി 70 ലക്ഷത്തോളം രൂപ എന്തിനു ചെലവിട്ടുവെന്നാണു പൊലീസിനു വ്യക്തത വരുത്തേണ്ടത്. പിതാവിന്റെ കടംവീട്ടാൻ തുക ഉപയോഗിച്ചെന്നാണ് അഫാന്റെ മൊഴി. കടംപെരുകിയതിനെക്കുറിച്ച് റഹിമിന് അറിയില്ലായിരുന്നെന്നാണ് പൊലീസ് ഇപ്പോൾ കരുതുന്നത്.
അതേസമയം അഫാനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റി. മെഡിക്കൽ കോളജ് ആശുപത്രിയിലെ പൊലീസ് സെല്ലിൽ ഏഴു ദിവസമായി ചികിത്സയിലായിരുന്നു. മെഡിക്കൽ ബോർഡ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റിയത്. കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. സഹോദരൻ അഹ്സാൻ, സുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ഇന്നലെ വെഞ്ഞാറമൂട് എസ്എച്ച്ഒ ആർ.പി.അനൂപ്കൃഷ്ണ ആശുപത്രിയിലെത്തി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലത്തീഫ്, ഭാര്യ സജിത ബീഗം എന്നിവരുടെ കൊലപാതകങ്ങളിലാണ് ഇനി അറസ്റ്റ് ബാക്കിയുള്ളത്. സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിലായിരുന്നു ആദ്യ അറസ്റ്റ്. കൊലപാതകം നടന്ന മൂന്നിടത്തും തെളിവെടുപ്പു നടത്തേണ്ടതുണ്ട്. പ്രതി രാസലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധനയുടെ ഫലം ലഭിച്ചിട്ടില്ല.