ചൂരൽമലയിൽ വീണ്ടും ദുരന്തബാധിതരുടെ പ്രതിഷേധം. പുനരധിവാസ പട്ടികയിൽ ഉൾപ്പെടാത്ത സ്കൂൾ റോഡിലേയും പടവെട്ടിക്കുന്നിലേയും നാട്ടുകാരാണ് പ്രതിഷേധിച്ചത്. ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ മേഖലയിലേക്ക് തിരിച്ചു പോവില്ല എന്നാണ് ദുരന്തബാധിതരുടെ നിലപാട്.
സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനു ദുരന്ത ബാധിതരാണ് പ്രതിഷേധവുമായെത്തിയത്. പുനരധിവാസ ടൗൺഷിപ്പിൽ തങ്ങളയും ഉൾപ്പെടുത്തണമെന്നാവശ്യം.
ഭൗമശാസ്ത്രജൻ ജോൺ മത്തായി കമ്മീഷൻ വാസയോഗ്യം എന്ന് അടയാളപ്പെടുത്തിയതോടെയാണ് സ്കൂൾറോഡ് മുതൽ പടവെട്ടിക്കുന്നുവരെയുള്ള 30 ഓളം കുടുംബങ്ങൾ ഗുണഭോക്തൃ ലിസ്റ്റിൽ നിന്ന് പുറത്തായത്. ഇതോടെ മൂന്നു ഭാഗവും ഒറ്റപ്പെട്ട ദുരന്തസാധ്യത മേഖലയിലേക്ക് തിരിച്ചു പോകേണ്ട സ്ഥിതിയിലാണ് ദുരിതബാധിതർ.
അതേസമയം ദിവസം 300 രൂപ വെച്ചുള്ള സഹായം മുടങ്ങിയതിലടക്കം പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ് ദുരന്തബാധിതർ. ജനശബ്ദം ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാളെ കലക്ടറേറ്റ് ഉപരോധിക്കും.