സെക്രട്ടേറിയറ്റ് പടിക്കൽ സമരം തുടരുന്ന ആശാ പ്രവർത്തകർക്കു സൗജന്യമായി പൊങ്കാല കിറ്റ് വിതരണം ചെയ്തു കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നലെ രാവിലെ യാത്രയ്ക്കിടയിൽ സമരവേദിയിൽ എത്തി കിറ്റ് എത്തിക്കാമെന്ന് ഉറപ്പു നൽകിയിരുന്നു. വൈകിട്ട്, പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ നൂറോളം പേർക്കുള്ള അരി, ശർക്കര, വാഴക്കുല, തേങ്ങ എന്നിവ സമരവേദിയിൽ എത്തിക്കുകയായിരുന്നു.
ആശാ വർക്കർമാർക്കു നല്ലതു സംഭവിച്ചേ മതിയാവൂ എന്നാണു തന്റെ പക്ഷമെന്നു സുരേഷ് ഗോപി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രധനമന്ത്രി നിർമല സീതാരാമനും തമ്മിലെ കൂടിക്കാഴ്ചയെക്കുറിച്ചു ചോദിച്ചപ്പോൾ, ‘അതിനെക്കുറിച്ച് എന്നോട് ഒന്നും ചോദിക്കരുത്, എന്റെ വഴി വേറെയാണ്’ എന്നായിരുന്നു പ്രതികരണം. പ്രതിഷേധ പൊങ്കാല അല്ല ഇടുന്നതെന്നും സർക്കാരിന്റെ മനസ്സ് മാറാനുള്ള പ്രാർഥനയാണെന്നും ആശാ പ്രവർത്തകർ പറഞ്ഞു.