tt-family

ഇന്‍സ്റ്റഗ്രാം, യൂട്യൂബ് കണ്ടന്‍റ് ക്രിയേറ്റേഴ്സായ ടിടി ഫാമിലിയുടെ കുഞ്ഞ് മരിച്ചു. രണ്ടാമത്തെ കണ്‍മണിക്കായി കുടുംബവും ഫോളോവേഴ്സും കാത്തിരിക്കെയാണ് എല്ലാവരെയും സങ്കടത്തിലാഴ്ത്തി കുഞ്ഞിന്‍റെ മരണം. രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചെങ്കിലും ജീവനുണ്ടായിരുന്നില്ലെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. 

‘ഷെമി പ്രസവിച്ചു  പെൺകുഞ്ഞായിരുന്നു അപ്പോൾത്തന്നെ മരിച്ചു എല്ലാവരും ദുഅ ചെയ്യണം’. ഒന്നിച്ചിരിക്കുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ട് ഷെഫിയും ഷെമിയും കുറിച്ചു. കഠിനമായ സാഹചര്യത്തെ അതിജീവിക്കാനുള്ള കരുത്ത് അവര്‍ക്ക് ലഭിക്കട്ടെയെന്നും പിഞ്ചോമനയുടെ കബറിടം പടച്ചവന്‍ വിശാലമാക്കട്ടെ എന്നുമൊക്കെയാണ് ദുഃഖ വാര്‍ത്ത അറിഞ്ഞവര്‍ പ്രാര്‍ഥിക്കുന്നത്. 

ഷെമിയുടെയും ഷെഫിയുടെയും രണ്ടാമത്തെ മകളാണ് മരണപ്പെട്ടത്. പ്രായത്തിന്‍റേതായ പ്രയാസങ്ങള്‍ പ്രസവസമയത്ത് നേരിടേണ്ടി വരുമെന്ന് അറിയാമായിരുന്നുവെന്ന് ഷെഫി മുന്‍പ് അപ്‍ലോഡ് ചെയ്ത വിഡിയോയില്‍ സൂചിപ്പിച്ചിരുന്നു. ഇന്നലെ കുഞ്ഞിന്‍റെ നെഞ്ചിടിപ്പില്‍ വ്യത്യാസമുണ്ടെന്ന് പറഞ്ഞ് പെട്ടന്ന് ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കുകയാണ് ചെയ്തത്. 

ദമ്പതികളുടെ പ്രായവ്യത്യാസത്തെച്ചൊല്ലി ഷെമിയും ഷെഫിയും കടുത്ത സൈബര്‍ ആക്രമണം നേരിട്ടിട്ടുണ്ട്. ഷെമിക്ക് ഭര്‍ത്താവിനെക്കാള്‍ പ്രായം കൂടുതല്‍ ഉള്ളതാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെ കാരണം. നാലുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഷെമിയ്ക്ക്  ആദ്യവിവാഹത്തില്‍  രണ്ട് പെണ്‍മക്കളുണ്ട്.