എറണാകുളത്തു നിന്നും കാറോടിച്ച് തിരുവനന്തപുരത്ത് ഗ്യാസ് ഏജൻസി ഉടമയുടെ വീട്ടിലെത്തിയ കൈക്കൂലി വാങ്ങുന്നതിനിടെ ഐഒസി ഡെപ്യൂട്ടി ജനറൽ മാനേജർ വിജിലൻസ് പിടിയിൽ. ഐഒസിയുടെ എറണാകുളത്തെ ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യൂ ആണ് അറസ്റ്റിലായത്. കൊല്ലം കടക്കലിൽ ഗ്യാസ് ഏജൻസി നടത്തുന്ന മനോജാണ് പരാതിക്കാരൻ.
മനോജിന്റെ ഗ്യാസ് ഏജൻസിയിൽ ഉപഭോക്താക്കളെ മാറ്റാതിരിക്കാൻ പത്തുലക്ഷം രൂപയാണ് അലക്സ് മാത്യു ആവശ്യപ്പെട്ടത്. പണം നൽകില്ലെന്ന് മനോജ് അറിയിച്ചതിനെ തുടർന്ന് ഗ്യാസ് ഏജൻസിയിൽ നിന്നും കുറച്ച് ഉപഭോക്താക്കളെ മാറ്റി. താൻ ഇടപെട്ടാണ് ഉപഭോക്താക്കളെ മാറ്റിയത് എന്നും ഇനിയും പണം തന്നില്ലെങ്കിൽ മുഴുവൻ പേരെയും മാറ്റുമെന്നും ഇയാൾ ഭീഷണി മുഴക്കി.
ഇന്ന് രാവിലെ വിളിച്ച്, താൻ തിരുവനന്തപുരത്ത് വരുന്നുണ്ടെന്നും അപ്പോൾ പണം നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്നാണ് മനോജ് വിജിലൻസിനെ വിവരം അറിയിച്ചത്. എറണാകുളത്ത് നിന്നും സ്വന്തം കാറോടിച്ച് വൈകിട്ടോടെ കവടിയാറിലെ മനോജിൻ്റെ വീട്ടിൽ എത്തി. ഫിനോപ്തലൈൻ പുരട്ടിയ രണ്ട് ലക്ഷം രൂപ മനോജ് നൽകി.
കാത്തുനിന്ന വിജിലൻസിൻ്റെ തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം വീട്ടിൽ കയറി കയ്യോടെ പിടികൂടുകയും ചെയ്തു. അലക്സ് മാത്യൂവിൻ്റെ എറണാകുളത്തെ വീട്ടിലും വിജിലൻസ് പരിശോധന നടത്തി. അലക്സ് മാത്യൂ 2013 മുതൽ തന്നിൽ പണം വാങ്ങുന്നുണ്ട് എന്ന് പരാതിക്കാരൻ മനോജ് മാധ്യമങ്ങളോട് പറഞ്ഞു.
നിവൃത്തിയില്ലാതെയാണ് താൻ പരാതി നൽകിയത്. പണത്തോട് ഇത്രയും ആർത്തിയുളള ഒരു ഉദ്യോഗസ്ഥനെ താൻ കണ്ടിട്ടില്ല. നിരവധി ഗ്യാസ് വിതരണക്കാരിൽ നിന്നും ഇയാള് നിരന്തരം പണം വാങ്ങിയിട്ടുണ്ട് എന്നും മനോജ് പറഞ്ഞു.