‘മഞ്ഞുമ്മല്‍ ബോയ്സ്’ കണ്ടവരൊന്നും ഗുണ കേവ്സ് ജീവിതകാലത്തോളം മറക്കാനിടയില്ല. കമല്‍ ഹാസന്‍ ചിത്രം ‘ഗുണ’ കൂടി കണ്ട തലമുറയാണെങ്കില്‍ പറയാനുമില്ല. ‘മഞ്ഞുമ്മല്‍ ബോയ്സ്’ വന്നതോടെ കണ്ടവരെല്ലാം ഗുണ കേവ്സിലേക്കാണ് വച്ചുപിടിക്കുന്നത്. അപ്പോള്‍പ്പിന്നെ കേരള പൊലീസ് എന്തിന് മാറിനില്‍ക്കണം? ഒന്നോ രണ്ടോ പേരായി പോയാല്‍ എന്തുരസം? അതുകൊണ്ട് കടവന്ത്ര പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ ഒന്നടങ്കം വിട്ടു, ഗുണ കേവ്‍സിലേക്ക്.
24 മണിക്കൂറും മുള്ളിൻമേൽ നിന്നുള്ള ജോലി, ആരോപണങ്ങൾ, വിമർശനങ്ങള്‍, ആക്ഷേപങ്ങള്‍. ഊണും ഉറക്കവുമില്ലാതെ രാവെന്നോ പകലെന്നോ ഇല്ലാതെ നമുക്ക് സുരക്ഷയൊരുക്കുന്ന, ഒരു കുറ്റകൃത്യമോ അത്യാഹിതമോ ഉണ്ടായാല്‍ വിളിപ്പുറത്തെത്തുന്ന പൊലീസുകാരുടെ മാനസികസമ്മര്‍ദം അതികഠിനമാണ്. ഈ സമ്മര്‍ദം അതിജീവിക്കാന്‍ കഴിയാതെ പലരും ജീവനൊടുക്കുന്ന അവസ്ഥ പോലും പൊലീസിലുണ്ട്. ഇതില്‍ നിന്ന് അല്‍പനേരമെങ്കിലും ഒരു മോചനം. അതായിരുന്നു കടവന്ത്ര സ്റ്റേഷനിലെ പൊലീസുകാരുടെ ആഗ്രഹം.
മേലുദ്യോഗസ്ഥരുടെ അനുമതി ലഭിച്ചതോടെ എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ സംഘം നേരെ കൊടൈക്കനാലിലേക്ക് വിട്ടു. സ്റ്റേഷനില്‍ ആകെയുള്ള 55 പൊലീസുകാരില്‍ 34 പേരും സംഘത്തിലുണ്ടായിരുന്നു. ആളെണ്ണം കുറയുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തൊട്ടടുത്ത സ്റ്റേഷനുകളില്‍ നിന്ന് ഉദ്യോഗസ്ഥരെ കടവന്ത്രയില്‍ നിയോഗിച്ചിരുന്നു. മുളവുകാട് എസ്.എച്ച്.ഒയ്ക്ക് ചുമതലയും നല്‍കി.
കൊച്ചിയില്‍ നിന്ന് ടൂറിസ്റ്റ് ബസില്‍ കൊടൈക്കനാലിലേക്കുള്ള പൊലീസുകാരുടെ യാത്ര ശരിക്കും കോളജ് ടൂര്‍ പോലെയായിരുന്നു. പാട്ടുപാടിയും കാഴ്ച കണ്ടും അവരങ്ങനെ ഗുണ കേവ്‍സിലെത്തി. ആ കാഴ്ചയുടെ അനുഭവം ഒന്നുവേറെ തന്നെയായിരുന്നുവെന്ന് സംഘത്തിലെ ഓരോരുത്തരും പറയും. അവിടെയും സമ്മര്‍ദങ്ങളെല്ലാം മറന്ന് കുട്ടികളെപ്പോലെ അവര്‍ ആവേശം കൊണ്ടു. ആര്‍പ്പുവിളികളും പാട്ടുപാടലും ഒക്കെയായി ഒരു വേറിട്ട പൊലീസ് വൈബ്!
ജോലിഭാരവും മാനസിക സമ്മര്‍ദവും കാരണം സ്വയം ജീവനൊടുക്കുന്ന പൊലീസുദ്യോഗസ്ഥരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന കണക്കുകള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കും അവധി നല്‍കാന്‍ ഇത്തരം ഇടവേളകള്‍ അനിവാര്യമാണ്. ഇങ്ങനെയുള്ള യാത്രകളും ഒത്തുചേരലുകളും അനുഭവങ്ങളും ഇനിയും വേണമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.