മുതലപ്പൊഴിയിൽ മണിക്കൂറോളം റോഡ് ഉപരോധിച്ച് മല്‍സ്യത്തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി. നാലുദിവസത്തിനുള്ളിൽ മണൽ നീക്കത്തിനായി ഡ്രജ്ജർ എത്തിക്കുമെന്ന ഫിഷറീസ് സെക്രട്ടറിയുടെ ഉറപ്പിലാണ് പിന്മാറ്റം. ഉറപ്പുപാലിച്ചില്ലെങ്കിൽ സെക്രട്ടേറിയറ്റ് പടിക്കലേക്ക് സമരം വ്യാപിപ്പിക്കുമെന്നം മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു. പൊഴിയിലെ മണൽ നീക്കവും ഹർബർ സംരക്ഷണവും കാലങ്ങളയുള്ള മത്സ്യ തൊഴിലാളുകളുടെ ആവശ്യമാണ്.
ഡ്രജ്ജർ എത്തിച്ച് മണൽനീക്കം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികൾ അനിശ്ചിതകാല സമരത്തിനിറങ്ങിയത്. അഞ്ചുതെങ് - പെരുമാതുറ തീരദേശ റോഡ് പൂർണമായും കെട്ടിയടച്ച ആയിരുന്നു പ്രതിഷേധം. രാവിലെ ആറ് മണിക്ക് ആരംഭിച്ച പ്രതിഷേധത്തിൽ ചർച്ച വൈകിയതോടെ തൊഴിലാളികൾ ഹാർബർ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
ആദ്യഘട്ടത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഫിഷറീസ് സെക്രട്ടറി അബ്ദുൾ നാസർ നടത്തിയ ചർച്ചയിലാണ് താൽക്കാലിക സമവായത്തിലെത്തിയത്.ചേറ്റുവയിൽ നിന്ന് ഡ്രജ്ജർ എത്തിച്ച് അഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ നീക്കം നാലു ദിവസത്തിനുള്ളിൽ തുടങ്ങുമെന്നും, അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് സെക്രട്ടറി പറഞ്ഞു.