പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയുടെ പത്ത് കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് സൗജന്യയാത്ര അനുവദിക്കണമെന്ന നിലപാടിലുറച്ച് ജനപ്രതിനിധികളും സമരസമിതിയും. ഏഴരക്കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് മാത്രം സൗജന്യമെന്ന ടോള്‍ പിരിവ് കമ്പനിയുടെ നിലപാട് തിരുത്തണമെന്നാണ് ആവശ്യം. ജനകീയവേദിയുടെ നേതൃത്വത്തില്‍ ഇളവ് ലഭിക്കേണ്ട ദൂരപരിധി തയ്യാറാക്കിയുള്ള പോസ്റ്ററും ടോള്‍ പ്ലാസയില്‍ പതിപ്പിച്ചു.
ടോള്‍ പ്ലാസയുടെ പരിധിയിലുള്ള ആറ് പഞ്ചായത്തുകളിലെ വാഹനയാത്രികര്‍ക്കാണ് നിലവില്‍ ഇളവുള്ളത്. നിരവധി ഘട്ടങ്ങളില്‍ ടോള്‍ പിരിവ് കമ്പനി നിയന്ത്രണങ്ങള്‍ നീക്കി നാട്ടുകാരില്‍ നിന്നും പൂര്‍ണമായും ടോള്‍ ഈടാക്കാനുള്ള ശ്രമം നടത്തിയിരുന്നു. ജനപ്രതിനിധികളും രാഷ്ട്രീയ സംഘടനകളും, ജനകീയവേദി അംഗങ്ങളും നടത്തിയ സമരത്തെത്തുടര്‍ന്ന് ടോള്‍ പിരിവിലേക്ക് കടന്നില്ല.
ഇതിനിടയിലാണ് ഇളവ് പത്ത് കിലോമീറ്റര്‍ പരിധിയായി നിജപ്പെടുത്താനും അതിര്‍ത്തി നിശ്ചയിക്കാനും പ്രത്യേക സമതിയെയും ചുമതലപ്പെടുത്തിയത്. സമിതി ഈമാസം ഇരുപത്തി അഞ്ചിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് പത്തെന്നത് ഏഴരക്കിലോമീറ്ററായി ടോള്‍ കമ്പനി ചുരുക്കിയത്.
ദൂരപരിധി നിശ്ചയിച്ചാലും ഇല്ലെങ്കിലും അടുത്തമാസം ഒന്ന് മുതല്‍ ടോള്‍ പിരിക്കാനുള്ള നീക്കമെന്നാണ് സൂചന. ഉന്നതതല യോഗത്തിലെ തീരുമാനം അട്ടിമറിച്ചാല്‍ അനിശ്ചിതകാല സമരമെന്നാണ് ജനകീയവേദിയുടെ നിലപാട്.