പാലക്കാട് വടക്കഞ്ചേരിയിലെ പെട്രോള്‍ പമ്പില്‍ നിന്ന് പണമടങ്ങിയ ബാഗ് മോഷ്ടിച്ച മുഹമ്മദ് അക്കിബിന്‍റെയും റസലിന്‍റെയും ജീവിതം 'പണി' സിനിമയോട് സാമൃമുള്ളതാണ്. വര്‍ഷങ്ങളായി ഇരുവരും ഉറ്റസുഹൃത്തുകളും അയല്‍വാസികളാണ്. മോഷണത്തില്‍ ഉള്‍പ്പെടെ എല്ലാക്കാര്യത്തിലും ഒരുമിച്ച്. കോഴിക്കോട് പന്നിയങ്കര പൊലീസ് ബൈക്ക് മോഷണക്കേസ് അന്വേഷിക്കുന്നതിനിടെയാണ് വടക്കഞ്ചേരിയിലെ പെട്രോള്‍ പമ്പ് മോഷണം നടത്തിയതും ഇവര്‍ തന്നെയാണെന്ന് മനസിലായത്. പന്നിയങ്കര പൊലീസ് പ്രതികളിലേക്ക് എത്തിയത് ഒരു തണ്ണീമത്തന്‍ വഴിയും.
കഴിഞ്ഞ 15 ന് കോഴിക്കോട് കല്ലായ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച അക്കിബും റസലും എലത്തൂര്‍ ഭാഗത്തേക്ക് പോയി. നിരവധി സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമായി തുമ്പൊന്നുമുണ്ടായില്ല. എന്നാല്‍ പയ്യോളിയിലെ ഒരു സ്ഥലത്ത് നിന്ന് അക്കിബും റസലും ഹെല്‍മെറ്റ് മാറ്റി തണ്ണിമത്തന്‍ കഴിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതോടെ പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പയ്യോളിയിലെ പമ്പില്‍ നിന്ന് പെട്രോള്‍ അടിച്ചിട്ട് പണം നല്‍കാതെ പോയെന്നും പൊലീസിന് വിവരം ലഭിച്ചു.
ബൈക്ക് മോഷണം മുതല്‍ ലഹരിമരുന്ന് വരെ
മുഹമ്മദ് അക്കിബും റസലും കുപ്രസിദ്ധമോഷ്ടാക്കളാണ്. ഇരുവര്‍ക്കും പത്തുജില്ലകളിലായി 20 ഓളം കേസുകളാണ് ഉള്ളത്. ബൈക്ക് മോഷ്ടിച്ച് കിട്ടുന്ന പണം ലഹരിമരുന്ന് വാങ്ങാനാണ് ഇരുവരും ഉപയോഗിക്കുന്നത്. ലക്ഷങ്ങള്‍ വിലയുള്ള ബൈക്കുകള്‍ മോഷ്ടിച്ച് വില്‍ക്കുന്ന ഇവര്‍ക്ക് കിട്ടുക നാലായിരം മുതല്‍ അയ്യായിരം രൂപ മാത്രം. ഇത് ലഹരിമരുന്ന് വാങ്ങാനായി ഉപയോഗിക്കും. അക്കിബും റസലും പരപ്പനങ്ങാടിയിലെ വീട്ടില്‍ എത്തുന്നത് വല്ലപ്പോഴും മാത്രമാണ്.
ഒരു ജില്ലയില്‍ മോഷണം നടത്തിയിട്ട് ബൈക്ക് വേറെ ജില്ലയില്‍ കൊണ്ടുപോയി പൊളിച്ച് വില്‍ക്കും. അതിനുശേഷം മറ്റൊരു ജില്ലയില്‍ മോഷണത്തിനായി ഇറങ്ങും. ഇതാണ് ഇരുവരുടെയും രീതി. വടക്കഞ്ചേരിയിലെ പെട്രോള്‍ പമ്പില്‍ മോഷ്ണം നടത്തിയത് എറണാകുളത്ത് നിന്ന് മോഷ്ടിച്ച ബൈക്കിലെത്തിയാണ്.
ലഹരിമരുന്ന് നല്‍കി മൊബൈല്‍ ഫോണ്‍ മോഷണത്തിനായി സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെയും ഇവര്‍ ഉപയോഗിക്കാറുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന മൊബൈല്‍ ഫോണുകള്‍ തിരൂരിലെ കടകളിലാണ് വില്‍ക്കാറുള്ളത്.
പൊലീസിന് നേരെയും ആക്രമണം
മോഷണക്കേസില്‍ പന്നിയങ്കര പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ റസലും അക്കിബും ലഹരിമരുന്നിന്‍റെ ഉന്മാദാവസ്ഥയിലായിരുന്നു. റസലിനെ വീടിനോട് ചേര്‍ന്നുള്ള പരിസരത്തുവെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസിനെ ആക്രമിച്ച് ഇരുവരും രക്ഷപ്പെടാന്‍ ശ്രമിച്ചു. കൈക്ക് ഉള്‍പ്പെടെ പൊലീസുകാര്‍ക്ക് പരുക്കേറ്റു. ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തി. അക്കിബിനെ പിടികൂടാന്‍ എത്തിയപ്പോള്‍ ഇയാളും ലഹരിമരുന്ന് ഉപയോഗിച്ച അവസ്ഥയിലായിരുന്നു.