pumb-theft

TOPICS COVERED

പാലക്കാട് വടക്കഞ്ചേരി പന്തലാംപാടത്ത് ബൈക്കിലെത്തിയവർ പെട്രോൾ പമ്പിൽ നിന്നും പണമടങ്ങിയ ബാഗുമായി കടന്നു.  ജീവനക്കാരൻ ഉറങ്ങുന്ന സമയത്താണ് ഇന്ധനം നിറയ്ക്കുന്ന മെഷിനോട് ചേർന്ന് സൂക്ഷിച്ചിരുന്ന അര ലക്ഷത്തിനോട് അടുത്ത് പണമടങ്ങിയ ബാഗ് കൈക്കലാക്കിയത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചാണ് കവർച്ചാസംഘം വടക്കഞ്ചേരിയിൽ എത്തിയതെന്ന് തെളിഞ്ഞു.

പുലർച്ചെ ഒരു മണിയോടെയാണ് രണ്ട് യുവാക്കൾ ബൈക്കിൽ പന്തലാംപാടത്തെ പെട്രോൾ പമ്പിലെത്തിയത്. പമ്പിൻ്റെ പരിസരം നിരീക്ഷിച്ച ശേഷം മിനിറ്റുകൾക്കുള്ളിൽ ബാഗ് കവരുകയായിരുന്നു. ജീവനക്കാർ ഉറക്കത്തിലെന്ന് കൃത്യമായി മനസിലാക്കിയ ശേഷമാണ് ബാഗ് തട്ടിയെടുത്തതെന്ന് വ്യക്തം. കവർച്ചക്കാരുടെ വരവും കവർച്ചാ രീതിയും പമ്പിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. 48,398 രൂപയാണ് ബാഗിലുണ്ടായിരുന്നത്. 

ബൈക്കിൻ്റെ ഉടമയുടെ മേൽവിലാസം പൊലീസ് പരിശോധിച്ചപ്പോഴാണ് എറണാകുളമെന്ന് തിരിച്ചറിഞ്ഞത്. അന്വേഷണത്തിൽ എറണാകുളം സ്വദേശിയുടെ ബൈക്ക് ഇന്നലെ മോഷണം പോയതായി തെളിഞ്ഞു. ഇന്നലെ രാത്രി ഒൻപത് മണിയോടെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടൽ ജീവനക്കാരൻ്റെ ബൈക്ക് കവരുന്നത് സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഈ ബൈക്കിലാണ് കവർച്ചാ സംഘം പന്തലാംപാടത്ത് എത്തിയതെന്നാണ് പൊലീസ് നിഗമനം. കവർച്ചയ്ക്ക് ശേഷം പാലക്കാട് ഭാഗത്തേക്ക് നീങ്ങിയ ബൈക്ക് യാത്രികർക്കായി വടക്കഞ്ചേരി പൊലീസ് വ്യാപക തെരച്ചിൽ തുടരുകയാണ്. ദേശീയപാതയോരത്തെയും കടകളിലെയും ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ചാണ് അന്വേഷണം.

ENGLISH SUMMARY:

In Pantalampadam, Vadakkencherry, Palakkad, unidentified individuals on a bike fled with a cash-filled bag from a petrol pump.