ആഫ്രിക്കയിൽ നിന്ന് പോർച്ചുഗീസുകാരുടെ അടിമകളായി കേരള തീരത്തെത്തിയ കാപ്പിരികൾ ആരാധനമൂർത്തിയായി മാറിയ ഒരു കഥ പറയാനുണ്ട് കൊച്ചിക്ക്. കാപ്പിരികളുടെ ദൈന്യത മാത്രം നിറഞ്ഞ ആ ജീവിതത്തെ, ഓർമയിൽ അടയാളപ്പെടുത്തുന്ന വെളിച്ചത്തിന്റെ പേരാണ് കാപ്പിരിമുത്തപ്പൻ. അറബിക്കടലിന്റെ റാണിയുടെ മണലിൽ പടർന്ന, കാപ്പിരികളുടെ രക്തത്തിന്റെ തിരുശേഷിപ്പ്.
പതിനേഴാം നൂറ്റാണ്ടിൽ ഡച്ചുകാരുടെ വരവോടെ പോർച്ചുഗീസുകാർ മടങ്ങി. മാനുവൽ കോട്ടയുടെ സുരക്ഷിതത്വത്തിലേക്കു ഡച്ചുകാർ പീരങ്കിയുണ്ടകൾ പായിച്ചപ്പോൾ. അന്ന് മരങ്ങൾക്കു ചുവട്ടിലും കെട്ടിടങ്ങളുടെ ഭിത്തികളിലും പറങ്കികൾ സമ്പത്ത് ഒളിപ്പിച്ചു. അതു കാക്കാൻ വിശ്വസ്തരായ കാപ്പിരികളായ അടിമകളെ കഴുത്തറുത്ത് ഒപ്പം കുഴിച്ചിട്ടു.
അവിടെ നിന്നാണ് കാപ്പിരിമുത്തപ്പൻ കഥകളുടെ ഉയിർപ്പ്.നിധിവച്ച സ്ഥലങ്ങളുടെ ചാർട്ട് പോർച്ചുഗീസുകാർ സൂക്ഷിച്ചുവെന്നും അതുമായി നിധി തേടി ഇന്നും ആളുകൾ വരുന്നെന്നുമാണ് കഥ.