‘നിന്‍റെ പേരെന്താടാ..രാത്രിയില്‍ എന്തിനാടാ ബസ് സ്റ്റോപ്പില്‍ ഇരിക്കുന്നത്’ പിന്നെ പൊലീസിന്‍റെ തെറി വിളിയുടെ പൂരം, സൈബറിടത്ത് വൈറലാകുന്ന ഒരു വിഡിയോ ദൃശ്യത്തിന്‍റെ തുടക്കം ഇങ്ങനെയാണ്. രാത്രിയില്‍ അമ്പലപ്പടി ബസ് സ്റ്റോപ്പില്‍ ഇരിക്കുന്ന യുവാക്കളുടെ അടുത്ത് എത്തുന്ന പൊലീസ് നീ എന്തിനാടാ ഇവിടെ ഇരിക്കുന്നെ, അപ്പന്‍റെ പേരെന്താടാ തുടങ്ങി കയര്‍ത്ത് സംസാരിക്കും , വീട്ടില്‍ പോടാ, ഓരോത്തരും കഞ്ചാവുമായി വരും എന്നെല്ലാം പറഞ്ഞ് ചൂടാവുകയും ഫോൺ ബലം പ്രയോഗിച്ച് പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നതും കാണാം. സംഭവത്തെ പറ്റി വിഡിയോയുടെ കമന്‍റില്‍ ഒരാള്‍ പ്രതികരിക്കുന്നത് ഇങ്ങനെ.
‘ഇത് ഞങ്ങളായിരുന്നു ഞങ്ങൾ കോഴിക്കോട് അമ്പലപ്പടി ബസ്റ്റോപ്പിൽ ഇരിക്കുകയായിരുന്നു. കമ്പനിക്കാരന്റെ ബർത്ത് ഡേ ആഘോഷിക്കാ നായി മറ്റു കമ്പനിക്കാരെ കാത്തുനിൽക്കുകയായിരുന്നു ഈ സമയം ഒരു പൊലീസ് ജീപ്പ് മുന്നിൽ വന്നു നിർത്തുകയും ഞങ്ങളെ വിളിക്കുകയും ചെയ്തു. ഞങ്ങൾ പോലീസ് ജീപ്പിന്‍റെ അടുത്ത് പോയി ആ സമയം പൊലീസിലെ ഉയർന്ന ഒരു ഉദ്യോഗസ്ഥൻ ഞങ്ങളോട് ഇവിടെ എന്തിനാണ് ഇരിക്കുന്നതെന്നു ചോദിച്ചു ഞങ്ങൾ ഒരു കമ്പനിക്കാരനെ കാത്തുനിൽക്കുകയാണെന്ന് പറഞ്ഞു അപ്പോൾ സാർ പറഞ്ഞു ഇവിടെ ഇരിക്കാൻ പറ്റില്ല ഇവിടുന്ന് പോകണമെന്ന്. ഞങ്ങൾ ചോദിച്ചു ഇവിടെ ഇരിക്കുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ അപ്പോൾ സാർ ഞങ്ങളോട് ഭയങ്കരമായി ചൂടാവുകയും സാർ പെട്ടെന്ന് തന്നെ ജീപ്പിൽ നിന്നിറങ്ങി ഞങ്ങളോട് വണ്ടിയുടെ പേപ്പറും കാര്യങ്ങളും അഡ്രസ്സും എല്ലാം എഴുതി വാങ്ങി.
ഞങ്ങളെ നല്ല രീതിയിൽ തന്നെ ചെക്കിങ്ങും കാര്യങ്ങളും ചെയ്തു അതിനുശേഷം ഞങ്ങളെ ഭയങ്കര രീതിയിൽ ചൂടാവുകയും വിഡിയോയും കാര്യങ്ങളും എടുക്കുന്നത് കണ്ട് ഫോൺ ബലം പ്രയോഗിച്ച് പിടിച്ചു വാങ്ങാൻ ശ്രമിക്കുകയും ഞാൻ ഫോൺ കൊടുക്കാത്തത് കൊണ്ട് തന്നെ എന്നെ നല്ല രീതിയിൽ മർദ്ദിക്കുകയും ഷോൾഡർ പിടിച്ച് ജീപ്പിലേക്ക് തള്ളിക്കയറ്റുകയും ചെയ്തു അതിനുശേഷം ഫോൺ പിടിച്ചു വാങ്ങി തീവ്രവാദികളെയോ കൊലപാതകികളേയോ കൊണ്ടുപോകുന്നതുപോലെയാണ് പൊലീസ് ജീപ്പിൽ കൊണ്ടുപോയത്.
ജീപ്പിൽ കയറ്റിയ ശേഷം വളരെ മോശപ്പെട്ട രീതിയിലുള്ള പറയാൻ പറ്റാത്ത രീതിയിലുള്ള തെറികൾ വിളിക്കുകയും കള്ള കേസിൽ കുടുക്കുമെന്നും നിനക്ക് എന്ത് ചെയ്യാൻ പറ്റുമോ അത് നീ ചെയ്യ് എന്നെല്ലാം പറഞ്ഞുകൊണ്ട് ഞങ്ങളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും അവിടെ നിന്നും ഫോട്ടോയും കാര്യങ്ങളും എടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുമെന്ന് പറഞ്ഞുകൊണ്ട് ഞങ്ങളുടെ അഡ്രസ്സും കാര്യങ്ങളും വാങ്ങിവച്ചു.’