‘നീ നിന്‍റെ രണ്ട് മക്കളേയും വച്ച് കൊണ്ട് അവിടെത്തന്നെ ഇരുന്നോ. ഇനി ഞാൻ നാട്ടിലേക്ക് വരണമെങ്കിൽ നീയും രണ്ടു മക്കളും ചാകണം. എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും പോയി ചത്തുകൂടെ’ നോബിയുടെ ഈ വാക്കാണ് ഷൈനിയേയും മക്കളെയും മരണത്തിലേയ്ക്ക് നയിച്ചത്. പൊലീസ് കോടതിയില്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ഏറ്റുമാനൂരിലെ ഷൈനിയുടേയും പെൺ മക്കളുടേയും ആത്മഹത്യ നോബിയുടെ മാനസിക പീഡനം കാരണമെന്നാണ്.
ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണിൽ വിളിച്ച് സമ്മർദത്തിലാക്കിയെന്നും ഇതാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. നോബിക്കെതിരെ 2024 ൽ ഷൈനി തൊടുപുഴ പൊലീസ് സ്റ്റേഷനിൽ ഗാർഹിക പീഡന പരാതി നൽകിയിട്ടുണ്ട്. ഈ കേസിൽ നോബിയുടെ അമ്മയും പ്രതിയാണ്.
ആത്മഹത്യ ചെയ്യുന്നതിനു തലേദിവസം രാത്രി പത്തരയ്ക്കാണ് നോബി വാട്സാപ്പിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ജോലി കിട്ടാത്തതിലും വിവാഹമോചന കേസ് നീണ്ടുപോകുന്നതിലും ഷൈനി അതീവ ദുഃഖിതയായിരുന്നുവെന്ന് വ്യക്തമാകുന്ന ശബ്ദസന്ദേശം നേരത്തെ പുറത്തുവന്നിരുന്നു.