പറഞ്ഞാല്‍ തീരുമായിരുന്ന പകയുടെ നെരിപ്പോടെരിച്ച് ചേരിതിരിഞ്ഞു പോരാടുക. അതില്‍ സമപ്രായക്കാരനായ ഒരുവന്‍റെ ജീവനെടുക്കുക. താമരശേരി സ്തംഭിച്ചു നില്‍ക്കുകയായിരുന്നു ഈ ആണ്ടറുതി പരീക്ഷാകാലമത്രയും. ഷഹബാസിന്‍റെ മരണത്തില്‍ തളര്‍ന്നിരുന്നവര്‍ ഐക്യത്തിന്‍റെയും കരുതലിന്‍റെയും പരീക്ഷകൂടി വിജയിച്ചാണ് ഈ മാര്‍ച്ചുമാസത്തെ യാത്രയാക്കുന്നത്. കലുഷിതമായിരുന്നു ചുറ്റുപാടുകള്‍.
കനലൊരു തരിമതിയായിരുന്നു എല്ലാം എരിക്കാന്‍. പക്ഷേ സ്വന്തം കുഞ്ഞുങ്ങളെ ഇവിടുത്തെ അധ്യാപകരും രക്ഷിതാക്കളും ചേര്‍ത്തു നിര്‍ത്തി. കലുഷിതമായിരുന്നു ചുറ്റുപാടെങ്കിലും അതില്‍ നിന്നെല്ലാം അവരെ മാറ്റി നിര്‍ത്തി. സമ്മര്‍ദങ്ങളെല്ലാം അതിജീവിച്ച് ആ മിടുക്കര്‍ പരീക്ഷ പൂര്‍ത്തിയാക്കി. ഓര്‍ത്തോര്‍ത്ത് വേദനിക്കാന്‍ ഇനിയൊരു ഷഹബാസ് ഉണ്ടാകില്ലെന്ന് മനസാല്‍ ഉറപ്പിച്ചാണ് അവര്‍ സ്കൂളിന്‍റെ പടിയിറങ്ങുന്നത്.
അധ്യായനത്തിലെ പുതിയ പാഠം
ഗുരുതര പരുക്കുകളോടെ ഷഹബാസ് മെഡിക്കല്‍ കോളജില്‍ ആണെന്നുള്ള വാര്‍ത്ത അറിഞ്ഞതു മുതല്‍ കുട്ടികള്‍ പരിഭ്രാന്തരായിരുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാത്ത ഷഹബാസിന്‍റെ കാര്യം അറിയാന്‍ കുട്ടികള്‍ മാറി മാറി അധ്യാപകരെ വിളിച്ചു. മാര്‍ച്ച് ഒന്നിന് മരണം സ്ഥിരീകരിച്ചതോടെ കാര്യങ്ങള്‍ ആകെ തകിടം മറിഞ്ഞു. കൂട്ടത്തിലൊരാളെ നഷ്ടപ്പെട്ടത് അവരെ ആകെ തകര്‍ത്തു. ഷഹബാസിന്‍റെ മൃതദേഹം കണ്ട കൂട്ടുകാര്‍ അലമുറയിട്ടു. പുസ്തകങ്ങള്‍ മറന്ന് അവര്‍ കൂട്ടുകാരന്‍റെ ഓര്‍മകളില്‍ മുങ്ങിക്കിടന്നു. എല്ലാം മറന്ന് പഠിക്കാന്‍ കുട്ടികളോട് പറയാന്‍ അധ്യാപര്‍ക്കോ രക്ഷിതാക്കള്‍ക്കോ സാധിക്കാത്ത സ്ഥിതി.
പരീക്ഷ തുടങ്ങാന്‍ ഒരു ദിവസം മാത്രമാണ് മുന്നിലുണ്ടായിരുന്നത്. അതിനുള്ളില്‍ വലിയ ഒരു ആഘാതത്തില്‍ നിന്ന് കുട്ടികളെ കരകയറ്റി അവരുടെ ആദ്യത്തെ പൊതുപരീക്ഷയ്ക്ക് അവരെ പ്രാപ്തരാക്കണം. അധ്യാപകര്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നത് ചെറിയ വെല്ലുവിളി അയിരുന്നില്ല. സ്ക്കൂളിന് സ്വന്തമായി ഒരു കൗണ്‍സിലര്‍ ഇല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കി. കുട്ടികളുടെ വീട്ടില്‍ അധ്യാപകര്‍ നേരിട്ടെത്തി. കൗണ്‍സിലിങ് വീഡിയോകള്‍ എല്ലാവര്‍ക്കും അയച്ചു കൊടുത്തു ഫോണ്‍വിളിച്ചും മെസേജയച്ചും അവര്‍ക്കൊപ്പം നിന്നു. വിജയിക്കേണ്ടത് ഷഹബാസിന് വേണ്ടി കൂടിയാണെന്ന് അവരെ ബോധ്യപ്പെടുത്തി.
സ്ക്കൂളിന് സ്വന്തമായി സുരക്ഷാസേനയുണ്ടായി
ട്യൂഷന്‍ സെന്‍റിന് സമീപത്ത് ഉണ്ടായ സംഘര്‍ഷം, ഷഹബാസിന്‍റെ വേര്‍പാട് , പൊലീസ് കേസ്... ഭീതിയുടെ മുള്‍മുനയിലായിരുന്നു വിദ്യാര്‍ഥികള്‍. കുറ്റവാളികള്‍ ഞങ്ങള്‍ക്കിടയിലുമുണ്ടോ എന്ന് അവര്‍ ആശങ്കപ്പെട്ടു. ഷഹബാസിന് നീതി കൊടുക്കേണ്ടത് ഉത്തരവാദിത്വമാണെന്ന് അവര്‍ കരുതി. അതിനു വേണ്ടി ജസ്റ്റിസ് ഫോര്‍ ഷഹബാസ് എന്നൊരു വാട്സ്ആപ്പ് കൂട്ടായ്മയുണ്ടാക്കി. ഒത്തു കൂടാനും പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു. ഇത് കൂടുതല്‍ അപകടങ്ങളിലേക്ക് നയിക്കുമെന്ന് തിരിച്ചറിഞ്ഞ അധ്യാപകര്‍ വിദ്യാര്‍ഥികളെ അതില്‍ നിന്നും വിലക്കി. കുട്ടികളുടെ ശ്രദ്ധ മറ്റൊന്നിലേക്കും പോകാതിരിക്കാന്‍ മാധ്യമങ്ങളോടും പൊലീസിനോടും സ്കൂളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ അഭ്യര്‍ഥിച്ചു. സ്കൂളും പരിസരവുമെല്ലാം പിടിഎയുടെ നിരീക്ഷണത്തിലാക്കി. ഒരു സ്ക്കൂള്‍ പ്രൊട്ടക്ഷന്‍ ടീം തന്നെ ഉണ്ടാക്കി.
ഇതുപോലൊരു പടിയിറക്കം ഇതാദ്യം
ആഘോഷങ്ങളോ കളിചിരകളോ ഇല്ലാതെയാണ് കുട്ടികള്‍ അവസാന പരീക്ഷ എഴുതി ബുധനാഴ്ച്ച സ്ക്കൂളില്‍ നിന്നും പടിയിറങ്ങിയത്. ഷഹബാസ് പരീക്ഷയെഴുതേണ്ട 49ാം നമ്പര്‍ മുറിയിലെ അവസാന സീറ്റ് ഈ പരീക്ഷാ ദിവസങ്ങളില്‍ എല്ലാം ഒഴിച്ചിട്ടിരുന്നു. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞ് ഒരുവേള ഇവരെല്ലാം ഒത്തുചേര്‍ന്നാലും ആ ശുന്യത അവിടെയുണ്ടായേക്കാം. ഇതുപോലൊന്ന് ഇനി ആവര്‍ത്തിക്കപ്പെടില്ലെന്ന ഉറപ്പ് മാത്രമാണ് ആ കൂട്ടുകാര്‍ക്ക് ഷഹബാസിനായി ഇനി നല്‍കാനുള്ളത്.