ലഹരിക്കടിമയായി ജീവിതം കൈവിട്ടുപോയവരെ കൃഷിയുടെ ലഹരിയിലേക്ക് ക്ഷണിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മര്‍ ഫസ്റ്റ് എന്ന സ്റ്റാര്‍ട്ടപ്പ് ഭൂമിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. സാധാരണ കൃഷി രീതിയില്‍ നിന്ന് മാറി, മണ്ണിനെ സമ്പുഷ്ടമാക്കി കൃഷി ചെയ്താല്‍ വിളവ് ഇരട്ടിയാക്കാമെന്ന് അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഈ ചെറുപ്പക്കാര്‍ കാണിച്ചുതരുന്നു.
നോക്കെത്താദൂരത്തോളം പരന്ന് കിടക്കുന്ന പാടശേഖരം. അവിടെ വാഴയും കപ്പയും കാച്ചിലും ചീരയുമടക്കം നിറഞ്ഞുനില്‍ക്കുന്ന വിളകള്‍. കാണുമ്പോള്‍ തന്നെ മനസൊന്ന് കുളിര്‍ക്കും. ഇതുപോലുള്ള പാടശേഖരങ്ങളിലേയ്ക്കാണ് ജീവിതം ലഹരി വിഴുങ്ങിയവരെ ഫാര്‍മര്‍ ഫസ്റ്റ് ക്ഷണിക്കുന്നത്. കൃഷിയേക്കാള്‍ വലിയ ലഹരിയില്ലെന്ന് ഇവര്‍.
മനുഷ്യരുടെ ആരോഗ്യത്തിനൊപ്പം മണ്ണിന്‍റെ ആരോഗ്യവും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കര്‍ഷകനുണ്ട്. അതിനാല്‍ തന്നെ പൂര്‍ണമായും ജൈവകൃഷിയാണ് ഇവര്‍ അവലംഭിക്കുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിനിയറിങ് ബിരുദധാരികളുടെ ഈ സംരഭം സംസ്ഥാനത്തിന് പുറത്തേക്ക് പ്രവര്‍ത്തനം വിപുലപ്പെടുത്തി കഴിഞ്ഞു. കര്‍ഷകരെ സംഘടിപ്പിച്ച് വേറിട്ട ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും വിപണികള്‍ കീഴടക്കാനും ആദ്യഘട്ടത്തിലേ കഴിഞ്ഞതാണ് ഇവരുടെ ആത്മവിശ്വാസം.
കൃഷിയും ടൂറിസവും സംയോജിപ്പിച്ച് നടപ്പാക്കുന്ന ഹാപ്പിനെസ് ടൂറിസത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫാം ടൂറിസത്തിനായി വിദേശത്ത് നിന്ന് വരെ ആളുകളെത്തുന്നു. അത് വഴി യുവാക്കള്‍ക്ക് പുതിയ വരുമാനമാര്‍ഗം കൂടിയാണ് ഫാര്‍മര്‍ ഫസ്റ്റ് തുറന്നിടുന്നത്.