കോഴിക്കോട് മാനാഞ്ചിറയില്‍ എല്‍ ഐ സി റോഡിലുള്ള കടകള്‍ ഒഴിപ്പിക്കാത്തതില്‍ കോർപറേഷനോടും ട്രാഫിക്ക് പൊലീസിനോടും വിശദീകരണം തേടി മനുഷ്യാവകശ കമ്മീഷന്‍. പാതയോരത്തെ കടകള്‍ കാല്‍നടയാത്രക്കാരുടെ ജീവന് ഭീഷണിയാണെന്ന് ചൂണ്ടികാട്ടിയാണ് കമ്മീഷന്‍റെ നടപടി. എന്നാല്‍ അനുയോജ്യമായ മറ്റൊരു ഇടം കിട്ടാതെ സ്ഥലമൊഴിയില്ലെന്ന നിലപാടിലാണ് കച്ചവടക്കാർ.
മുപ്പത് വർഷമായി മാനാഞ്ചിറ മൈതാനത്തിന് മുന്നില്‍ കച്ചവടം നടത്തുകയാണ് അംബിക. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അറിയിപ്പുകള്‍ ഒന്നും ഇല്ലാതെ പൊലീസുകാർ വന്ന് കട അടയ്ക്കാന്‍ പറഞ്ഞു. മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവ് ഉണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ ഒരു നോട്ടീസ് പോലും ലഭിച്ചിരുന്നില്ലെന്ന് അംബിക പറയുന്നു.
നടപ്പാതകളില്‍ കച്ചവടം അനുവദിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നതിന്‍റെ പഞ്ചാത്തലത്തിലാണ് കടകള്‍ ഒഴിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പൊലീസിനും കോർപറേഷനും നിർദേശം നല്‍കിയത്. എന്നാല്‍ കച്ചവടം നടത്തുന്നവരെ വിലക്കാന്‍ പാടില്ലെന്ന് ചൂണ്ടികാട്ടി കച്ചവട സംരക്ഷണ സമിതി രംഗത്തെത്തി. ഇതോടെ ഒഴിപ്പിച്ച കടകള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍റെ നോട്ടീസ്. അതേസമയം കട നടത്തിപ്പുകാരുമായി ചര്‍ച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരം കാണുമെന്നാണ് കോര്‍പ്പറേഷന്‍റെ നിലപാട്.