കോഴിക്കോട് ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായ സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് വേദവ്യാസ സൈനിക സ്കൂള്‍ പ്രിന്‍സിപ്പല്‍ എം. ജ്യോതീഷന്‍. കുട്ടിയെ കാണാതായ ഉടന്‍ മാതാപിതാക്കളെയും പൊലീസിലും വിവരം അറിയിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. തിങ്കളാഴ്ചയാണ് ബീഹാറുകാരനായ സന്‍സ്‌കര്‍ കുമാര്‍ സിങ്ങിനെ കാണാതായത്.
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സന്‍സ്കര്‍ കുമാറിനെ ഹോസ്റ്റലില്‍ നിന്ന് കാണാതാകുന്നത്. മൂന്നാം നിലയില്‍ നിന്ന് കേബിള്‍ വഴി താഴെയ്ക്കിറങ്ങിയാണ് രക്ഷപെട്ടതെന്ന് കരുതുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് ഇതുവരെ നടത്തിയ അന്വേഷണത്തില്‍ സന്‍സ്കര്‍ പാലക്കാട് നിന്ന് ധന്‍വാദ് എക്സ്പ്രസില്‍ കയറിപോയിട്ടുണ്ടാകാമെന്നാണ് നിഗമനം.
സ്കൂളില്‍ നിന്ന് പോവുമെന്ന് സഹപാഠിക്കളോട് സന്‍സ്കര്‍ പറഞ്ഞിരുന്നു. എന്നാല്‍ സുഹൃത്തുകള്‍ ഇത് കാര്യമായി എടുത്തില്ല. അധ്യാപകരോട് വിദ്യാര്‍ഥികള്‍ ഇക്കാര്യം പറഞ്ഞതുമില്ല. മുമ്പ് പഠിച്ച സ്കൂളില്‍ നിന്നും വിദ്യാര്‍ഥി ഇത്തരത്തില്‍ പോയിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പുണൈ,ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചാണ് അന്വേഷണം. കഴിഞ്ഞ അധ്യയന വര്‍ഷത്തിലാണ് സന്‍സ്കര്‍ സൈനികസ്കൂളില്‍ ചേര്‍ന്നത്.