പ്രതീകാത്മക ചിത്രം.
ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ തല്ലിയ അധ്യാപികയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. ഉത്തര്‍പ്രദേശിലെ ബാലിയയിലാണ് സംഭവം. ഐസ്ക്രീം വാങ്ങാനായി സ്കൂളിന് പുറത്തുപോയി എന്ന കാരണം പറഞ്ഞാണ് അധ്യാപിക കുട്ടിയെ തല്ലിയത്. വീട്ടിലെത്തിയ കുട്ടി സംഭവം മാതാപിതാക്കളോട് പറയുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്.
അഞ്ചുവയസ്സുകാരന്‍റെ മുതുകില്‍ നിറയെ തല്ലുകൊണ്ട പാടുകളായിരുന്നു. മാതാപിതാക്കള്‍ പരാതിയുമായി മുന്നോട്ടുവന്നതോടെയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ഇടപെടല്‍. അന്വേഷണ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം അധ്യാപികയ്ക്കെതിരെ നടപടിയുണ്ടാകും എന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.
‘മാധ്യമങ്ങളിലൂടെയാണ് ഒന്നാം ക്ലാസുകാരനായ കാര്‍ത്തിക് സഹാനി എന്ന കുട്ടിയെ അധ്യാപിക ക്രൂരമായി മര്‍ദിച്ച വിവരം അറിഞ്ഞത്. കുട്ടി ഐസ്ക്രീം വാങ്ങാനായി സ്കൂളിന് പുറത്തുപോയതിന് അധ്യാപിക തല്ലി എന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുന്നതാണ്’ എന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായ മനീഷ് സിങ് മാധ്യമങ്ങളോട് വ്യക്തമാക്കി.