ബിജെപിയിലെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കാന്‍ നീക്കവുമായി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജില്ലാ സമിതി–സംസ്ഥാന സമിതി പുനഃസംഘടനകളില്‍ പ്രവര്‍ത്തന മികവുമാത്രമായിരിക്കും മാനദണ്ഡമെന്ന സന്ദേശവും അദ്ദേഹം നല്‍കി. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും രാജീവ് മുന്നറിയിപ്പുനല്‍കി.
ബിജെപി സംഘടനാ തിരഞ്ഞെടുപ്പ് വേളയിലെല്ലാം സ്വന്തം ഗ്രൂപ്പിന് ബലമുണ്ടാക്കുകയെന്ന രീതിയാണ് കാലാകാലങ്ങളായി കണ്ടുവന്നിരുന്നത്. ഇത് അവസാനിപ്പിക്കാനാണ് സംസ്ഥാന അധ്യക്ഷന്റെ നീക്കം.
ജില്ലാ അധ്യക്ഷന്മാരെ തിരഞ്ഞെടുത്തെങ്കിലും ജില്ലാ സമിതികള്‍ രൂപീകരിച്ചിരുന്നില്ല. നിലവിലുള്ള ജില്ലാ അധ്യക്ഷന്മാരില്‍ ഭൂരിഭാഗവും കെ.സുരേന്ദ്രനെ അനുകൂലിക്കുന്നവരാണ്. എന്നാല്‍ പുനഃസംഘടനയില്‍ ഇത് പ്രതിഫലിക്കാതിരിക്കാന്‍ ജില്ലകളെ അഞ്ചുമേഖലകളായി തിരിച്ച് സംസ്ഥാനനേതാക്കള്‍ക്ക് ചുമതല നല്‍കി. എം.ടി രമേശ്, എ.എന്‍. രാധാകൃഷ്ണന്‍, ശോഭാസുരേന്ദ്രന്‍, സി. കൃഷ്ണകുമാര്‍, പി. സുധീര്‍ എന്നിവര്‍ക്കാണ് ജില്ലാ സമിതി പുനഃസംഘടനയുടെ മേല്‍നോട്ടം. മാധ്യമങ്ങളോട് സംസാരിക്കുന്നതിലും ചുമതല പലര്‍ക്കാണ്.
കഴിഞ്ഞദിവസം വയനാട് പുനരധിവാസം, എമ്പുരാന്‍ വിഷയങ്ങളില്‍ പാര്‍ട്ടിനിലപാട് പറയാന്‍ നിയോഗിച്ചത് എം.ടി. രമേശിനെയാണ്. ആശാസമരത്തെക്കുറിച്ച് പറഞ്ഞത് ശോഭാസുരേന്ദ്രനാണ്. സംസ്ഥാന സമതി പുനഃസംഘടനയിലും മുമ്പത്തെപ്പോലെ ഗ്രൂപ്പ് താല്‍പര്യങ്ങള്‍ കടന്നുവരാന്‍ പാടില്ലെന്ന നിലപാടിലാണ് രാജീവ് . ഇതിന് കേന്ദ്രനേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയുമുണ്ട്.