കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് നീതി മെഡിക്കല്‍ സ്റ്റോര്‍ വഴിയുള്ള മരുന്നുവിതരണം നിര്‍ത്താനൊരുങ്ങി സിറ്റി സര്‍വീസ് സഹകരണബാങ്ക്. സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളിലേക്ക് മരുന്നുവിതരണം ചെയ്ത ഇനത്തില്‍ കുടിശികയായി ബാങ്കിന് ലഭിക്കാനുള്ളത് നാലുകോടിയിലധികം രൂപയാണ്. കുടിശിക ലഭിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ മരുന്നുവിതരണം നിര്‍ത്തുമെന്ന് ബാങ്ക് അറിയിച്ചു
ആശുപത്രി ഡെവലപ്‌മെന്‍റ് സൊസൈറ്റിയുമായി ചേര്‍ന്നുണ്ടാക്കിയ കരാര്‍ പ്രകാരമാണ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് മരുന്ന് വിതരണം ചെയ്യുന്നത്.
കാസ്‌പ്, മെഡിസഫ്, ഇഎസ്ഐ തുടങ്ങിയ സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ ഇന്‍ഷുറന്‍സ് പദ്ധതികളിലെ മരുന്നാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ മെയ് മുതലുള്ള തുകയാണ് ഇപ്പോള്‍ കുടിശികയായിരിക്കുന്നത്.
മൂന്ന് മാസത്തിനുള്ളില്‍ കുടിശിക തീര്‍ക്കണമെന്നാണ് കരാര്‍. എന്നാല്‍ ഇത് ആറുമാസം വരെ വൈകാറുണ്ട്. കുടിശിക സംഘത്തിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുവെന്ന് മുഖ്യമന്ത്രിയെ ബാങ്ക് അധികൃതര്‍ അറിയിച്ചു.
കാരുണ്യ ഫണ്ട് ലഭിക്കാനാണ് ഏറ്റവും പ്രയാസം. രോഗികള്‍ക്ക് സഹായം എന്ന നിലയിലാണ് ഇതുവരെ മരുന്നുവിതരണം ചെയ്തെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.