പാലക്കാട് മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറീസില്‍ മദ്യ പ്ലാന്‍റ് തുടങ്ങാനുള്ള സാങ്കേതിക അനുമതി ലഭിച്ചതിനാല്‍ എലപ്പുള്ളിയിലെ മദ്യനിര്‍മാണശാല അനുമതി റദ്ദാക്കണമെന്ന ആവശ്യം ശക്തം. വിലക്കുറവില്‍ മദ്യം നിര്‍മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമെങ്കില്‍ എല്ലാ സൗകര്യങ്ങളും ചുരുങ്ങിയ സമയത്തിനുള്ളില്‍ മേനോന്‍പാറയില്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയും. ജലലഭ്യത ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ തൊഴില്‍ പ്രതിസന്ധി നേരിടുന്ന നിരവധിപേര്‍ക്കും ആശ്വാസമാവും.
ജലലഭ്യത തീരെയില്ലാത്ത എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാല തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തിലായിരുന്നു വ്യാപക വിമര്‍ശനം. ഈ വിമര്‍ശനങ്ങള്‍ക്കിടയിലാണ് മലബാര്‍ ഡിസ്റ്റിലറീസില്‍ മദ്യനിര്‍മാണ അനുമതിക്കായി ശ്രമം തുടരുന്നുവെന്ന് എക്സൈസ് മന്ത്രി വ്യക്തമാക്കിയത്. മദ്യ പ്ലാന്‍റ് തുടങ്ങാനുള്ള സാങ്കേതികാനുമതി ലഭിച്ചത് പ്രധാന ഘട്ടമായാണ് കാണുന്നത്. തുടര്‍നടപടികള്‍ വേഗത്തിലാക്കിയാല്‍ എലപ്പുള്ളിയെ ഒഴിവാക്കി വേണ്ടത്ര മദ്യം മേനോന്‍പാറയില്‍ തന്നെ നിര്‍മിക്കാം.
വര്‍ഷങ്ങളായി പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന തൊഴിലാളികള്‍ക്കും ആശ്വാസമാവും. വിലക്കുറവുള്ള മദ്യത്തിന്‍റെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം വരുമാനവും ലക്ഷ്യമിട്ടാണ് പഴയ ചിറ്റൂര്‍ ഷുഗര്‍ ഫാക്ടറിയില്‍ മദ്യനിര്‍മാണം തുടങ്ങുന്നത്. രൂപരേഖയ്ക്ക് 2022 ജൂണ്‍ പതിമൂന്നിന് അനുമതി ലഭിച്ചെങ്കിലും ഭരണാനുമതി നല്‍കിയത് 2024 ജൂലൈയിലാണ്.