ഉറ്റവരെ ഓര്‍ക്കാനും പരസ്പരം ആശ്വസിപ്പിക്കാനുമുള്ള വേദിയായിരുന്നു മുണ്ടക്കൈയിലേയും ചൂരല്‍മലയിലേയും ദുരന്തബാധിതര്‍ക്ക് ചെറിയ പെരുന്നാള്‍. പല പഞ്ചായത്തുകളിലായി കഴിയുന്ന അവര്‍ ചൂരല്‍മലയിലെ പള്ളിയിലെത്തി നിസ്കരിച്ചശേഷം, പുത്തുമലയിലെ പൊതുശ്മശാനത്തിലെത്തി പ്രാര്‍ഥിച്ചു.  ശ്മശാനത്തിലെ പ്രാര്‍ഥനയ്ക്കുശേഷം അവര്‍ പരസ്പരം വേദനകള്‍ പങ്കുവച്ചു.

പെരുന്നാളായാല്‍  പുറത്തുള്ളവരൊക്കെ മുണ്ടക്കൈയിലേയും ചൂരല്‍മലയിലേയും ബന്ധുവീടുകളിലേക്കെത്തുക പതിവായിരുന്നു. പക്ഷെ മഹാദുരന്തം എല്ലാം ഇല്ലാതാക്കി. മുണ്ടൈക്കിയിലെ പള്ളി ഉരുള്‍ പൊട്ടലില്‍ തകര്‍ന്നു. ശേഷിക്കുന്ന ചൂരല്‍മലയിലെ പളളിയിലാണ് രാവിലെ അവര്‍ പ്രാര്‍ഥനയ്ക്കായി ഒത്തുകൂടിയത്. പല പഞ്ചായത്തുകളിലായി താമസിക്കുന്നവര്‍ ബസുകളിലും മറ്റ് വാഹനങ്ങളിലുമാണ് ചൂരല്‍മലയിലെത്തിയത്. 

ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിനായി തറക്കല്ലിട്ട സാഹചര്യത്തില്‍ അടുത്തതവണയെങ്കിലും ഒന്നിച്ച് പെരുന്നാള്‍ കൂടാനാകുമെന്ന പ്രതീക്ഷ പങ്കുവച്ചാണ് എല്ലാവരും വാടകവീട്ടിലേക്ക് മടങ്ങിയത്. 

ENGLISH SUMMARY:

For the victims of the Mundakkai and Chooralmalai disasters, a small festival became a platform for remembrance and mutual comfort. After visiting the mosque in Chooralmalai and offering prayers, they proceeded to the public cemetery in Puthumalai for further prayers. This emotional gathering allowed them to share their pain and support each other during difficult times.