ഐബി ഉദ്യോഗസ്ഥയായ മേഘ മരിച്ചതിനെ തുടര്‍ന്ന് സുഹൃത്തും കുറ്റാരോപിതനുമായ സുകാന്ത് സുരേഷ് ഒളിവില്‍ പോയത് സഹപ്രവര്‍ത്തകരെ കൂടി കബളിപ്പിച്ചെന്ന് വെളിപ്പെടുത്തല്‍. മേഘയുമായുള്ള സുകാന്തിന്‍റെ പ്രണയം സഹപ്രവര്‍ത്തകരായ പലര്‍ക്കും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ മേഘ മരിച്ച ദിവസം സുകാന്തിനെ ആശ്വസിപ്പിക്കാന്‍ സുഹൃത്തുക്കള്‍ ഒപ്പം കൂടി.
നിര്‍ത്താതെ കരഞ്ഞ സുകാന്ത് ഇടയ്ക്കിടെ ആത്മഹത്യാപ്രവണത കാണിക്കുകയും താനും ജീവനൊടുക്കുമെന്ന് പറയുകയും ചെയ്തു. ഇതോടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സുകാന്തിനെ കൊണ്ട് ലീവ് എടുപ്പിക്കുകയും മലപ്പുറം എടപ്പാളിലെ വീട്ടില്‍ വാഹനത്തില്‍ കൊണ്ടാക്കുകയും ചെയ്തു. മാതാപിതാക്കള്‍ക്കൊപ്പം സുകാന്തിനെ ആക്കിയ ശേഷം തിരികെ പോന്നുവെന്ന് സുഹൃത്തുക്കള്‍ വെളിപ്പെടുത്തുന്നു. വലിയ ദുഃഖവും നിരാശയും അഭിനയിച്ചാണ് സുകാന്ത് അത്രയും നേരം ഇരുന്നതെന്നും സുഹൃത്തുക്കള്‍ പറയുന്നു. റിട്ടയേര്‍ഡ് അധ്യാപക ദമ്പതികളുടെ ഏകമകനാണ് സുകാന്ത്. ലീവെടുത്ത് വീട്ടിലെത്തിയതിന്‍റെ പിറ്റേദിവസം ഉച്ചയ്ക്ക് ശേഷം സുകാന്തിനെ വീട്ടില്‍ കണ്ടിട്ടില്ലെന്ന് അയല്‍ക്കാരും പറയുന്നു. നാട്ടില്‍ നിന്നും മുങ്ങിയ സുകാന്ത് ഒളിവിലിരുന്ന് ജാമ്യത്തിന് ശ്രമിക്കുന്നതായാണ് പൊലീസിന് ലഭിച്ച വിവരം.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മേഘ, ജയന്തി ജനത എക്സ്പ്രസിന് മുന്നില്‍ ചാടി ജീവനൊടുക്കിയതിന് പിന്നില്‍ സുകാന്ത് പ്രണയിച്ച് ചതിച്ചതാണെന്നാണ് മേഘയുടെ കുടുംബം ആരോപിക്കുന്നത്. മേഘയെ കടുത്ത സാമ്പത്തിചൂഷണത്തിന് സുകാന്ത് ഇരയാക്കിയെന്നും ബാങ്ക് രേഖകള്‍ സഹിതം കുടുംബം മാധ്യമങ്ങളോട് വെളിപ്പെടുത്തി. റെയില്‍വേ പാളത്തിലേക്ക് നടക്കുന്നതിനിടെ നാലുവട്ടം മേഘ സുകാന്തിനെ വിളിച്ചുവെന്നും എട്ടുസെക്കന്‍റുകള്‍ വീതം മാത്രമാണ് ഈ ഫോണ്‍ വിളികള്‍ ഉണ്ടായിരുന്നതെന്നും പൊലീസ് കണ്ടെത്തി. ഇരുവരും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടിന്‍റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സുകാന്തിനെ തേടി പൊലീസ് ഇറങ്ങിയത്.
ട്രെയിനിങിനായി ജോധ്പുരിലെത്തിയപ്പോഴാണ് മേഘയും സുകാന്തും കണ്ടുമുട്ടിയത്. പ്രണയത്തിലായതിന് പിന്നാലെയുള്ള എട്ടുമാസം മേഘയുടെ അക്കൗണ്ടില്‍ നിന്നും സുകാന്തിന്‍റെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്തിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുകാന്തിന്‍റെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യപ്പെട്ട നിലയിലാണ്.
ഈഞ്ചയ്ക്കൽ പരക്കുടിയിൽ വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകൻ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകൾ മേഘയെ മാർച്ച് 24നാണ് പേട്ട റെയിൽവേ മേൽപാലത്തിനു സമീപത്തെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്.