ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞ വാദങ്ങള്‍ തള്ളി മേഘയുടെ കുടുംബം. സുകാന്തിന്‍റെ മാതാപിതാക്കള്‍ വിവാഹ ആലോചനയുമായി വീട്ടില്‍ വന്നിട്ടില്ല. വിവാഹ ആലോചനയില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് സുകാന്തും കുടുംബവും ശ്രമിച്ചതെന്നും ഗര്‍ഭഛിദ്രം നടത്തിയതായി പൊലീസില്‍നിന്നറിഞ്ഞെന്നും കുടുംബം പറഞ്ഞു
Read Also: സുകാന്ത് ചൂഷണം ചെയ്തതിന് കൂടുതല്‍ തെളിവുകളുണ്ട്: മേഘയുടെ അച്ഛന്‍
മേഘയെ കാമുകനായ മലപ്പുറം എടപ്പാൾ സ്വദേശിയും കൊച്ചിയിൽ ഐബി ഉദ്യോഗസ്ഥനുമായ സുകാന്ത് ചൂഷണം ചെയ്തതിന് കൂടുതല്‍ തെളിവുകളുണ്ട് എന്ന് പിതാവ് മധുസൂദനന്‍ ആരോപിച്ചു. മകള്‍ക്ക് സമ്മാനിച്ച കാര്‍ കൊച്ചി ടോള്‍പ്ലാസ കടന്ന മെസേജ് വന്നപ്പോഴാണ് സഹപ്രവര്‍ത്തകനുമായുള്ള ബന്ധം അറിയുന്നത്. പ്ലസ് വണ്‍ കാലത്ത് തുടങ്ങിയ പരിശീലനമാണ് മേഘയെ ഐ.ബി.ഉദ്യോഗസ്ഥയാക്കിയത് എന്നും മധുസൂദനന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
അസമയത്തെ യാത്രകള്‍ വിലക്കിയിട്ടുണ്ട്.ചോദ്യം ചെയ്തിട്ടുണ്ട്. ജോലി കിട്ടിയതിന് പിന്നാലെ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ തന്നെ ജോലിക്കാര്യം പുറത്തു പറയരുതെന്നും,വീട്ടുകാര്‍ പോലും മേഘയോട് ജോലിക്കാര്യങ്ങള്‍ ചോദിക്കരുത് എന്നും പറഞ്ഞിരുന്നു. നടപടികള്‍ വൈകിയാല്‍ ഉടന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കും.
മരിക്കുമ്പോൾ മേഘയുടെ ബാങ്ക് അക്കൗണ്ടിൽ 80 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും പിതാവ് മധുസൂദനൻ പറഞ്ഞു. മേഘ ട്രെയിനിനു മുന്നിൽ ചാടുമ്പോൾ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നത് ഇയാളോടായിരുന്നെന്നും ഭക്ഷണം കഴിക്കാൻ പോലും പണമില്ലാത്ത അവസ്ഥയിലായിരുന്നു മേഘയെന്ന് സുഹൃത്തുക്കൾ വഴി അറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മകളുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുത്തത്. 2024 മേയ് മുതൽ കഴിഞ്ഞ മാസംവരെ 3.5 ലക്ഷം രൂപയാണ് സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് യുപിഐ ഇടപാട് വഴി മേഘ അയച്ചത്. ഇതിൽ 1.5 ലക്ഷത്തോളം രൂപ പല തവണയായി തിരിച്ചയച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ മുതൽ ഫെബ്രുവരി വരെ എല്ലാ മാസത്തെയും ശമ്പളം മുഴുവനും ഇയാൾക്ക് അയച്ചിട്ടുണ്ട്. ഇത്തരത്തിൽ പണം അയയ്ക്കാനുള്ള സാഹചര്യമെന്തെന്ന് വ്യക്തമല്ല. മേഘ ഇയാളിൽനിന്ന് കടുത്ത ഭീഷണി നേരിട്ടതായി സംശയിക്കുന്നുണ്ടെന്നും പിതാവ് പറഞ്ഞു. മേഘയുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പേട്ട പൊലീസിനു കൈമാറിയിട്ടുണ്ട്.
മൊഴിയെടുക്കാൻ പൊലീസ് ഇയാളെ വിളിച്ചിരുന്നെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഐബിയും ചോദ്യം ചെയ്തിരുന്നു. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ മേഘയെ തിരുവനന്തപുരം ചാക്ക റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
മരണത്തിനു തൊട്ടുമുൻപ് മേഘയെ ഫോണിൽ വിളിച്ചത് ഐബി ഉദ്യോഗസ്ഥനായ സുഹൃത്തെന്ന് പൊലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 8 സെക്കൻഡ് മാത്രമായിരുന്നു കോളിന്റെ ദൈർഘ്യം. സംഭവദിവസം രാവിലെ മേഘയും സുഹൃത്തും പരസ്പരം വിളിച്ച കോളുകളെല്ലാം സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ളതാണ്.
ഇതിനിടയിൽ മേഘയും അമ്മയും തമ്മിലുള്ള ഫോൺവിളി മാത്രമാണ് ഒരു മിനിറ്റ് കടന്നത് (67 സെക്കൻഡ്) എന്നും കോൾ ലിസ്റ്റുകൾ പരിശോധിച്ച് പൊലീസ് കണ്ടെത്തി. മേഘയെ ട്രെയിൻ തട്ടിയതോടെ മൊബൈൽ ഫോൺ പൂർണമായും തകർന്നിരുന്നു. ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ സുഹൃത്ത് പലരെയും വിളിച്ച് മേഘ താമസസ്ഥലത്ത് എത്തിയോ എന്ന് അന്വേഷിച്ചു. മേഘയുടെ ലാപ്ടോപ്പിൽനിന്നു കുടുംബചിത്രങ്ങളും ഫയലുകളും അല്ലാതെ മറ്റൊന്നും ലഭിച്ചില്ല. റെയിൽവേ ട്രാക്കിൽനിന്നു ലഭിച്ച മേഘയുടെ തകർന്ന മൊബൈൽഫോൺ സൈബർ ഫൊറൻസിക് ലാബിൽ പരിശോധിച്ചു വരികയാണ്.