എമ്പുരാൻ സിനിമയ്ക്ക് എതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയ പ്രവര്‍ത്തകനെതിരെ നടപടിയെടുത്ത് ബിജെപി. തൃശൂരില്‍ നിന്നുള്ള വിജീഷ് വെട്ടത്തിനെ ബി.ജെ.പി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. തൃശൂർ സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ് ആണ് സസ്പെൻഡ് ചെയ്തത്.
എമ്പുരാൻ സിനിമ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടായിരുന്നു വിജീഷിന്‍റെ ഹര്‍ജി. സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. മതവിദ്വേഷത്തിന് വഴിമരുന്നിടുന്നെന്നും തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം നല്‍കിയ ഹര്‍ജിയിലുണ്ട്. മതവിദ്വേഷ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയത് ഡി.ജി.പി അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ മറ്റൊരു ആവശ്യം.
അതേസമയം റീ എഡിറ്റിന് ശേഷമുള്ള എമ്പുരാന്‍ നാളെ പ്രദര്‍ശനത്തിനെത്തും. 24 വെട്ടുകളാണ് എമ്പുരാന്‍ സിനിമയിലുള്ളത്. സ്ത്രീകള്‍ക്കെതിരായ അക്രമദൃശ്യങ്ങള്‍ മുഴുവന്‍ ഒഴിവാക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ പോകുന്ന സീന്‍ വെട്ടി. പ്രധാന വില്ലന്‍റെ പേര് ബല്‍ദേവ് എന്ന് മാറ്റി. പ്രധാനവില്ലന്‍റെ സംഭാഷണ ഭാഗങ്ങളും വെട്ടി. എന്‍.ഐ.എ പരാമര്‍ശം മ്യൂട്ട് ചെയ്തു. നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കി. സിനിമ ദേശവിരുദ്ധമായതിനാല്‍ ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരുന്നു.