ഏപ്രില്‍ ഒന്ന്. ഒരുകാലഘട്ടത്തിന്റെ വിനോദോപാധിയും വാര്‍ത്താശ്രോതസുമൊക്കെയായിരുന്ന തിരുവനന്തപുരം ആകാശവാണി നിലയത്തിന് എഴുപത്തഞ്ചുവയസ്. തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരുടെ ഔദ്യോഗിക വസതിയായിരുന്ന ഭക്തിവിലാസം കൊട്ടാരമാണ് റേഡിയോ പ്രക്ഷേപണ കേന്ദ്രമായി മാറിയത്. നിര്‍മിത ബുദ്ധിയുടെ യുഗത്തിലും ശബ്ദത്തിനറെ സൗന്ദര്യവുമായി ഈനിലയത്തില്‍ നിന്ന് പ്രേക്ഷപണം തുടരുന്നു.
ദൂരെ എവിടെനിന്നോ ഒഴുകിവരുന്ന ശബ്ദം പിടിച്ചെടുക്കുന്ന പെട്ടി അത് വീണ്ടും കേള്‍പ്പിക്കുന്ന അത്ഭുതം. അതായിന്നു നാല്‍പ്പതുകളിലെ റേഡിയോ. അന്ന് ഈ പെട്ടി വീട്ടില്‍ വയ്ക്കാന്‍ ലൈസന്‍സ് വേണം. വായുവിലൂടെ വരുന്ന ശബ്ദം പിടിച്ചെടുക്കാന്‍ നീണ്ട വലപോലത്തെ ഏരില്‍ വേണം. അങ്ങനെ കൗതുകങ്ങള്‍ ധാരാളം.1തിരുവിതാംകൂറിന് സ്വന്തമായി റേഡിയോ വേണമെന്ന ചിന്തയില്‍ സര്‍ സി.പി രാമസ്വാമി അയ്യരാണ് വിദേശത്ത് നിന്ന് യന്ത്രസാമഗ്രികള്‍ ഇറക്കുമതി ചെയ്ത് 943-ല്‍ നിലയം സ്ഥാപിച്ചത്. ഇപ്പോഴത്തെ എം.എല്‍.എ ഹോസ്റ്റല്‍ വളപ്പിലായിരുന്നു അത്.
ഇന്ത്യന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സര്‍വീസ് ഓള്‍ ഇന്ത്യാ റേഡിയോ ആയി. രവിന്ദ്രനാഥ് ടഗോര്‍ നല്‍കിയ ആകാശവാണിയെന്ന പേര് സാര്‍ഥകമാക്കി നമ്മുടെ നാട്ടിലും ആകാശ സഞ്ചാരം തുടങ്ങി.സ്‌റ്റേഷന്‍ ഡയറക്ടര്‍ ജി.പി.എസ്. നായരുടെ നേതൃത്വത്തില്‍ നിലയം സ്ഥാപിക്കാന്‍ പല കെട്ടിടങ്ങള്‍ തിരഞ്ഞു.
അങ്ങനെ 1950 ഏപ്രില്‍ ഒന്നിന് തിരുവനന്തപുരത്ത് നിന്ന് ആകാശവാണി പ്രസരിച്ചുതുടങ്ങി. ഡല്‍ഹിയില്‍നിന്നുള്ള രണ്ടുവാര്‍ത്താ ബുള്ളറ്റിനുകളും ഇംഗ്ലീഷ് ബുള്ളറ്റിനുകളുമാണ് ആദ്യം തിരുവനന്തപുരം സ്‌റ്റേഷനില്‍നിന്ന് പ്രക്ഷേപണം ചെയ്തത്. അതേവര്‍ഷം മെയ് 14-ന് കോഴിക്കോട് നിന്നും പ്രക്ഷേപണം തുടങ്ങി. 1966 മുതല്‍ വിവിധ് ഭാരതി ആരംഭിച്ചു. 75 മുതല്‍ വാണിജ്യ പ്രക്ഷേപണവും. വയലും വീടും, യുവവാണി, ബാലലോകം, കണ്ടതും കേട്ടതും തുടങ്ങിയ ഒട്ടേറെ പരിപാടികള്‍ വിനോദവും വിജ്ഞാനവും പകര്‍ന്നു. ദൃക്സാക്ഷി വിവരങ്ങളിലൂടെ റിപ്പബ്‌ളിക് ദിനത്തില്‍ ഡല്‍ഹിയിലും നെഹ്റുട്രോഫി ദിവസം പുന്നമടയിലും ശ്രോതാക്കളെത്തി. നാടകോല്‍സവങ്ങളിലൂടെ കേള്‍വിക്കാരുടെ ഹൃദയം വേദികളായി. വേഗവിനോദങ്ങള്‍ കൈക്കുമ്പിളിലുണ്ടെങ്കിലും ഈ നിലയത്തിലെ പ്രക്ഷേപണം സമാപിക്കുന്നില്ല