കല്ലമ്പലത്ത് അമ്മയും മകളും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്ന് പൊലീസ്. പേരേറ്റിൽ കൂട്ടിക്കട തൊടിയിൽ ഭഗവതീ ക്ഷേത്രത്തിലെ ഉത്സവം കണ്ടു മടങ്ങിയവരുടെ ഇടയിലേക്കാണ് റിക്കവറി വാഹനം പാഞ്ഞുകയറി അമ്മയും മകളും മരിച്ചത്. അപകടമുണ്ടാക്കിയ ഡ്രൈവർ ചെറുന്നിയൂർ മുടിയക്കോട് സ്വദേശി ടോണി (36) ഓടി രക്ഷപ്പെട്ടിരുന്നു.
പേരേറ്റിൽ മുങ്ങോട് കൊച്ചുപുലയൻ വിളാകത്ത് കണ്ണകി ഭവനിൽ രോഹിണി (57), മകൾ അഖില (22) എന്നിവരാണ് വാഹനാപകടത്തില്‍ മരിച്ചത്. പരുക്കേറ്റ പേരേറ്റിൽ സ്വദേശിനി ഉഷ (60) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഖില മൂന്നാം വർഷ പാരാമെഡിക്കൽ വിദ്യാർഥിയാണു. അപകടത്തെ തുടർന്നു നാട്ടുകാർ ഡ്രൈവറെ പിടികൂടിയെങ്കിലും, വണ്ടിയുടെ താക്കോൽ അടുത്തു നിന്ന ആളുടെ കൈയില്‍ കൊടുത്ത ശേഷം ഡ്രൈവർ ടോണി മുങ്ങുകയായിരുന്നു.
സ്കൂട്ടറിലും കാറിലും ഇടിച്ച ശേഷമാണ് നിയന്ത്രണം വിട്ട വണ്ടി അമ്മയയും മകളെയും ഇടിച്ചുതെറിപ്പിച്ചത്. അടുത്ത വീടിന്റെ മതിൽ തകർത്താണു വാഹനം നിന്നത്. അപകട സമയത്ത് വാഹനത്തില്‍ മദ്യക്കുപ്പികളുണ്ടായിരുന്നു. അവ അപകടസ്ഥലത്ത് പൊട്ടിച്ചിതറി കിടപ്പുണ്ടായിരുന്ന. രോഹിണിയും അഖിലയും മരിച്ചത് ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ്.