സമരങ്ങളുടെ ചരിത്രത്തിൽ പുതുചരിത്രം കുറിച്ച ഒന്നാണ് ആശാസമരം. സെക്രട്ടേറിയറ്റിന് മുൻപിൽ ഏറ്റവും കൂടുതൽ കാലം നടന്ന സ്ത്രീ സമരം എന്ന റെക്കോഡ് കുറിച്ചിട്ടു കഴിഞ്ഞു 52-ാം ദിവസത്തിലെത്തി നിൽക്കുന്ന ആശാ സമരം.
50 ദിവസം എന്നത് വെറും ഒരു സംഖ്യയല്ല. കേരളത്തിൻറെ സമരചരിത്ര മാത്രമല്ല ജനങ്ങളുടെ മനസ്സുകളിലും സമരം ഒരു മേൽവിലാസം ആയിരിക്കുന്നു എന്ന് തെളിയിക്കുന്ന ചില കത്തുകൾ സമര കേന്ദ്രത്തിലേക്ക് വരുന്നുണ്ട്.
മേൽവിലാസം:
എസ്. മിനി / ക്യാപ്റ്റൻ
ആശാവർക്കർ സമരപന്തൽ
സെക്രട്ടറിയേറ്റിന് മുൻവശം
തിരുവനന്തപുരം
ഇവിടേക്ക് അയയ്ക്കുന്ന കത്തുകൾ എല്ലാം തൊട്ടടുത്തുള്ള ജനറൽ പോസ്റ്റ് ഓഫീസിൽ നിന്ന് മുടങ്ങാതെ എത്തിക്കുന്നുണ്ടെന്നതാണ് പ്രത്യേകം എടുത്തു പറയേണ്ട കാര്യം.
പുതിയ മേൽവിലാസത്തിൽ എസ്. മിനി ഹാപ്പിയാണ്. സ്വന്തമായി ഒരു തുണ്ടു ഭൂമിയില്ലാത്ത തനിക്ക് ഇങ്ങനെയൊരു മേൽവിലാസം കിട്ടിയതിൽ സന്തോഷം ഉണ്ടെന്ന് മിനി പറയുന്നു. പല കത്തുകളിലും അയയ്ക്കുന്നവരുടെ മേൽവിലാസമില്ല ഉള്ളതിനൊക്കെ മറുപടി അയയ്ക്കും എന്നാണ് സമരസമിതിയുടെ തീരുമാനം.
കത്തുകളിലെ ഉള്ളടക്കം
നാട്ടിൽ നടക്കുന്ന പലരിതായ്മകൾക്കും എതിരെ പ്രതികരിക്കണമെന്നുണ്ടെങ്കിലും കഴിയാത്തവരാണ് കത്തുകൾ എഴുതുന്നത് എന്ന് അതിലെ ഉള്ളടക്കം വ്യക്തമാക്കുന്നു. പിഎസ്സി മെമ്പർമാരുടെ ശമ്പളം കൂട്ടിയത്, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ വാങ്ങിക്കൂട്ടുന്ന പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ തുടങ്ങി പലതുമാണ് ഉള്ളടക്കം.