ലഹരി കണ്ടെത്തുന്നതിനായി ഇടുക്കിയിൽ പൊലീസ് നടത്തുന്ന പരിശോധനകളിലെ തുറപ്പുചീട്ടാണ് ഡോഗ് സ്‌ക്വാഡിലെ ലെയ്ക എന്ന നായ. കഞ്ചാവും പാൻമസാലയും അടക്കമുള്ള ലഹരിവസ്തുക്കൾ എവിടെയൊളിപ്പിച്ചാലും മണത്തറിയുന്ന ലെയ്ക ലഹരി സംഘത്തിന്റെ പേടിസ്വപ്നമാവുകയാണ്.
ലഹരിക്കെതിരെ ഓപ്പറേഷൻ ഡി ഹണ്ടെന്ന ദൗത്യവുമായി ഇടുക്കി പൊലീസ് പരിശോധന കർശനമാക്കിയപ്പോൾ താരമായത് ലെയ്ക്ക എന്ന ഈ നായയാണ്. വണ്ടിപ്പെരിയാറിൽ നിന്ന് കഴിഞ്ഞായാഴ്ച പിടികൂടിയ ഒന്നരക്കിലോ കഞ്ചാവ് അടക്കം ലെയ്ക്കയുടെ കഴിവിൽ ഇതുവരെ 25 നർക്കോട്ടിക് കേസുകളാണ് കണ്ടെത്തിയത്.കോട്ടയത്ത് നിന്ന് ഒൻപത് വർഷം മുൻപാണ് 35 ദിവസം പ്രായമുള്ള ലെയ്ക്കയെ ഇടുക്കിയിൽ എത്തിച്ചത്. ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിൽ നിന്ന് പരിശീലനം നേടിയ നായ എന്ന പ്രത്യേകതയും ലെയ്ക്കയ്ക്കുണ്ട്. തുടർന്നും ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ ലെയ്ക്ക ഒപ്പമുള്ളത് ഇടുക്കിയിലെ പൊലീസ് സേനക്ക് കരുത്താവുകയാണ്.