infant-idukki

ഇടുക്കി രാജകുമാരിയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം എസ്റ്റേറ്റില്‍ കണ്ടെത്തിയ സംഭവത്തിൽ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പിറന്നുവീണയുടന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മയാണെന്ന് പൊലീസ്. കജനാപ്പാറയിലെ അരമനപ്പാറ എസ്റ്റേറ്റിൽ നിന്നാണ് കുഞ്ഞിന്‍റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ജാർഖണ്ഡ് സ്വദേശിനിയായ പൂനം സോറന്‍ എന്ന ഇരുപത്തിയൊന്നുകാരിയുടെ കുഞ്ഞായിരുന്നു ഇത്.

പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടതാണെന്ന്  പൂനം സോറന്‍ പൊലീസിനോട് പറഞ്ഞു. പിന്നാലെ പൊലീസ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. യുവതിയുടെ ഭർത്താവ് കഴിഞ്ഞ ഡിസംബറിൽ മരിച്ചു. അതിനുശേഷമാണ് ജാർഖണ്ഡ് സ്വദേശിയായ മോത്തിലാൽ മുർമു എന്നയാള്‍ പൂനത്തിനൊപ്പം താമസമാരംഭിച്ചത്. ഗർഭിണിയാണെന്ന് വിവരം യുവതി ഇയാളിൽനിന്നു മറച്ചു വച്ചിരുന്നു. 

എസ്റ്റേറ്റില്‍ ജോലിക്ക് പോയിരുന്നയാളാണ് പൂനം സോറൻ. കഴിഞ്ഞ ദിവസങ്ങളിൽ സുഖമില്ലെന്ന് പറഞ്ഞ് യുവതി ജോലിക്ക് പോയിരുന്നില്ല. ഈ സമയത്തായിരുന്നു പ്രസവം. ആരുമറിയാതെ കുഞ്ഞിനെ പ്രസവിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടെന്നാണ് പൊലീസിന്‍റെ നിഗമനം. പെൺകുഞ്ഞായിരുന്നു ജനിച്ചത്. മോത്തിലാൽ മുർമുവിന് ഇക്കാര്യത്തിൽ അറിവുണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. കുട്ടി ഉണ്ടായ കാര്യം അറിഞ്ഞാൽ ഇയാൾ ഉപേക്ഷിച്ചു പോകുമെന്ന് ഭയന്നാണ് കുഞ്ഞിനെ കൊല ചെയ്തതെന്ന് പൂനം സോറൻ പൊലീസിന് മൊഴി നൽകി.

ENGLISH SUMMARY:

Crucial details have emerged in the case of a newborn’s body found in an estate in Rajakumari, Idukki. According to the police, the infant was killed by the mother soon after birth. The body was discovered buried in the Aramanappara Estate in Kazhanappara. The newborn belonged to 21-year-old Poonam Soren, a native of Jharkhand.