രാത്രിയിലെത്തിയ അജ്ഞാത സംഘം, തൊഴുത്തിൽ കെട്ടിയിരുന്ന എരുമയുടെ വാൽ മുറിച്ചു നീക്കി. മുറിച്ചുനീക്കിയ വാലിന്റെ പകുതിഭാഗം ഉടമയുടെ വീട്ടുമുറ്റത്തെ കസേരയിൽ തന്നെ ഉപേക്ഷിച്ച ശേഷമാണ് അജ്ഞാത സംഘം മടങ്ങിയത്. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. വാൽ മുറിക്കപ്പെട്ട എരുമയെ കൂടാതെ, കറവയുള്ള ഒരു പശുവും മൂന്ന് പോത്തുകളും മോഹനനുണ്ട്.
നിരണം രണ്ടാം വാർഡിൽ പുളിക്കല്‍ വീട്ടിൽ ക്ഷീര കർഷകനായ പികെ മോഹനന്‍റെ എരുമയോടാണ് അജ്ഞാതര്‍ ക്രൂരത കാട്ടിയത്. അഞ്ച് വയസുള്ള അമ്മിണി എന്ന എരുമയ്ക്ക് നേരെയാണ് രാത്രിയില്‍ ക്രൂരമായ ആക്രമണമുണ്ടായത്.
തിങ്കളാഴ്ച പുലർച്ചെ നാലിന് പാൽ കറക്കുന്നതിനായി മോഹനൻ തൊഴുത്തിൽ എത്തിയപ്പോഴാണ് വാൽമുറിഞ്ഞു നിൽക്കുന്ന എരുമയെ കണ്ടത്. തുടർന്ന് വീട്ടുമുറ്റത്തെ കസേരയിൽ മുറിച്ചു മാറ്റിയ വാലിന്റെ ബാക്കി ഭാഗവും കണ്ടെത്തുകയായിരുന്നു. തുടർന്ന് നിരണം മൃഗാശുപത്രിയിലെ ഡോക്ടറെ ഫോണിൽ ബന്ധപ്പെട്ടു. ഡോക്ടറുടെ നിർദ്ദേശപ്രകാരം വാലിന്റെ ഭാഗം മരുന്നുവെച്ച് കെട്ടി. ഇന്നലെ രാവിലെ മൃഗഡോക്ടർ എത്തി കൂടുതൽ പരിശോധന നടത്തി മരുന്നുകളും നൽകി. മോഹനൻ പുളിക്കീഴ് പൊലീസിൽ പരാതി നൽകി.