തിരുവനന്തപുരം കലക്ടറേറ്റിൽ ഇന്നും തേനീച്ചകളുടെ ആക്രമണം. ജീവനക്കാർക്കും വിവിധ സേവനങ്ങൾക്കെത്തിയവർക്കും കുത്തേറ്റു. കെട്ടിടത്തിന് ചുറ്റും കുറ്റന്‍ തേനിച്ചക്കൂടുകളാണ് . തേനീച്ചക്കൂടുകള്‍ നീക്കാന്‍ കലക്ടറേറ്റില്‍ അടിയന്തരയോഗം ചേര്‍ന്നു. ഇതിനായി പുറത്തു നിന്ന് സഹായം തേടാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു.
എണ്ണിയെടുക്കാവുന്ന വിധത്തില്‍ 9 തേനീച്ചക്കൂടുകള്‍ കെട്ടിടത്തിന് ചുറ്റുമുണ്ട് . ഇത്തരത്തില്‍ കൂറ്റൻ കൂടുകൾ കൊണ്ട് വലയം ചെയ്യപ്പെട്ടിരിക്കുകയാണ് തിരുവനന്തപുരം കലക്ടറേറ്റ്. കാണാനാവിത്തിടങ്ങളിലും തേനീച്ചകള്‍ കൂടുകൂട്ടിയിട്ടുണ്ട് . ഇന്നലെ പൊട്ടിയ കൂടിൽ നിന്ന് ഇന്നും തേനീച്ചകൾ കൂട്ടത്തോടെ പുറത്തേയ്ക്ക് പറന്നു. കഥയൊന്നുമറിയാതെ ഓഫീസിലെത്തിയവരും പുറത്തിറങ്ങാൻ ശ്രമിച്ചവരുമൊക്കെ കുത്തേറ്റ് വലഞ്ഞു. ചിലർ ഓടി രക്ഷപ്പെടുകയും വാഹനങ്ങൾക്കകത്തേക്ക് കയറുകയും ചെയ്തു.
ഇന്നലത്തെ തേനീച്ച ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഏഴ് പേർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആകെ 200ലേറെ പേർക്ക് കുത്തേറ്റതായി റിപ്പോർട്ടുകൾ. സഹപ്രവർത്തകരെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ സബ് കലക്ടർ ഒ.വി. ആൽഫ്രഡിനും തേനീച്ച കുത്തേറ്റു. കലക്ടർ അനുകുമാരി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഓടി രക്ഷപ്പെട്ടു.