ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ യുവതിയുടെ വീട്ടുകാരെ കുറ്റപ്പെടുത്തി സഹപ്രവർത്തകന്റെ മുൻകൂർ ജാമ്യഹർജി. ഐബി ഉദ്യോഗസ്ഥയായ 23കാരിയുടെ മരണത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് സുകാന്ത് ഹർജിയിൽ പറയുന്നു. മറിച്ച് വൈകാരികമായും മാനസികമായും ഏറെ അടുത്തവരായിരുന്നു തങ്ങളെന്നും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും ഹർജിയിൽ പറയുന്നു.
അതേ സമയം മേഘയുടെ മരണത്തിന് സഹപ്രവർത്തകനായ സുകാന്ത് സുരേഷാണ് ഉത്തരവാദിയെന്ന് കാട്ടി കുടുംബം രംഗത്തെത്തിയിരുന്നു. തുടർന്ന് ഒളിവില്‍ പോയ സുകാന്ത് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മേഘ ഗർഭഛിദ്രം നടത്തിയതായുള്ള വിവരം പൊലീസിൽനിന്നു അറിഞ്ഞതായും കുടുംബം പറയുന്നു. മേഘ 2024 ജൂലൈയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഗർഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട തെളിവുകൾ പൊലീസിനു ലഭിച്ചിരുന്നു. ഗര്‍ഭഛിദ്രം നടത്തിയതിന്റെ രേഖകള്‍ ഉള്‍പ്പെടെ കുടുംബം കൈമാറിയിട്ടും സുകാന്തിനെതിരെ കേസെടുക്കാന്‍ പേട്ട പൊലീസ് തയാറായിട്ടില്ല. മേഘ മരിച്ച് 11 ദിവസം കഴിഞ്ഞിട്ടും അന്വേഷണം തുടരുകയാണെന്ന മറുപടി മാത്രമാണ് പൊലീസില്‍നിന്നു ലഭിക്കുന്നത്
മേഘയെ കാമുകനായ മലപ്പുറം എടപ്പാൾ സ്വദേശിയും കൊച്ചിയിൽ ഐബി ഉദ്യോഗസ്ഥനുമായ സുകാന്ത് ചൂഷണം ചെയ്തതിന് കൂടുതല്‍ തെളിവുകളുണ്ട് എന്ന് പിതാവ് മധുസൂദനന്‍ ആരോപിച്ചു. മകള്‍ക്ക് സമ്മാനിച്ച കാര്‍ കൊച്ചി ടോള്‍പ്ലാസ കടന്ന മെസേജ് വന്നപ്പോഴാണ് സഹപ്രവര്‍ത്തകനുമായുള്ള ബന്ധം അറിയുന്നത്. പ്ലസ് വണ്‍ കാലത്ത് തുടങ്ങിയ പരിശീലനമാണ് മേഘയെ ഐ.ബി.ഉദ്യോഗസ്ഥയാക്കിയത് എന്നും മധുസൂദനന്‍ മനോരമ ന്യൂസിനോട് പറഞ്ഞു