തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ഒളിവിലുള്ള പ്രതി സുകാന്തിനെതിരെ കേരളത്തിന് അകത്തും പുറത്തും അന്വേഷണം വ്യാപിപ്പിച്ചെന്ന് പൊലീസ്. പ്രതി യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും, ഇതിൽ അന്വേഷണം നടക്കുകയാണെന്നും തിരുവനന്തപുരം സിറ്റി ഡിസിപി നകുൽ രാജേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.
ഐബി ഉദ്യോഗസ്ഥയെ പ്രതി മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന്റെ സൂചനകള്‍ ലഭിച്ചുവെന്നും സുകാന്തിന്റെ ലാപ്‌ടോപ്പും മൊബൈലും കൊച്ചിയിലെ മുറിയില്‍നിന്നു കണ്ടെത്തിയിട്ടുണ്ടെന്നും ഡിസിപി പറഞ്ഞു. സുകാന്തിന് ജാമ്യാപേക്ഷ സമര്‍പ്പിക്കാനും, ഒളിവില്‍ പോകാനും ഐബിയിലെയും പൊലീസ് സ്റ്റേഷനിലെയും ചില ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി ഡിസിപി വാര്‍ത്താസമ്മേളനം വിളിച്ചത്. സുകാന്തും കുടുംബവും ഒളിവിലാണെന്നും എവിടെയാണുള്ളതെന്ന് ഒരു സൂചനയുമില്ലെന്നും ഡിസിപി പറഞ്ഞു. സംഭവം നടന്ന് ആദ്യദിവസങ്ങളില്‍ സുകാന്തിനെ എന്തുകൊണ്ടാണ് കസ്റ്റഡിയില്‍ എടുക്കാതിരുന്നതെന്ന ചോദ്യത്തിന് സാമ്പത്തിക, ലൈംഗിക ചൂഷണം സംബന്ധിച്ച് അന്നു വിവരമൊന്നും ലഭിച്ചിരുന്നില്ലെന്നും ഡിസിപി പറഞ്ഞു.
മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ഐബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിൽ നിന്നും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് യുവതി ട്രെയിനു മുന്നിൽ ചാടിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തിരുന്നത്. എന്നാല്‍ സഹപ്രവർത്തകനും സുഹൃത്തുമായ സുകാന്തിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത് എത്തി, പൊലീസിൽ പരാതി നൽകി. പ്രതി യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനടക്കമുള്ള തെളിവുകൾ കുടുംബം പൊലീസിന് കൈമാറിയിരുന്നു.
ഗർഭഛിദ്രത്തിന് ശേഷം ബന്ധത്തിൽ നിന്നും പിൻമാറാൻ സുകാന്ത് ശ്രമിച്ചു. പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിവാഹത്തിൽ നിന്നും പിൻമാറുന്നതായി അയച്ച സന്ദേശം പൊലിസിന് ലഭിച്ചു. മൂന്നേകാൽ ലക്ഷം രൂപ പെണ്‍കുട്ടിയുടെ അക്കൗണ്ടിൽ നിന്നും സുകാന്തിന്‍റെ അക്കൗണ്ടിലേക്ക് മറ്റിയതിന്‍റെ തെളിവുകളും പൊലീസ് ശേഖരിച്ചു. ഒളിവിലുള്ള സുകാന്ത് മുൻകൂർ ജാമ്യം തേടി സുകാന്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സുകാന്ത് മകളെ ലൈംഗികചൂഷണത്തിനു വിധേയമാക്കിയിരുന്നു എന്നതിന്റെ ആശുപത്രി രേഖകള്‍ ഉള്‍പ്പെടെ തെളിവുകള്‍ പിതാവാണ് പൊലീസിനു നല്‍കിയത്.