PTI Photo
കര്‍ഷക തൊഴിലാളികളുമായി പോയ ട്രാക്ടറിന്‍റെ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണ് ഏഴ് മരണം. മഹാരാഷ്ട്രയിലെ അലേഗോണിലാണ് ദാരുണ സംഭവം. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. ഗുഞ്ച് എന്ന ഗ്രാമത്തില്‍ നിന്നുള്ള തൊഴിലാളി സ്ത്രീകളാണ് അപകടത്തില്‍ മരിച്ചത്. അലേഗോണിലെ കൃഷിയിടത്തിലേക്ക് ജോലിക്ക് പോകുകയായിരുന്നു ഇവര്‍.
കിണറിന് സമീപത്തുള്ള മണ്‍വഴിയിലൂടെ പോകവേ ട്രാക്ടറിന്‍റെ നിയന്ത്രണം പോയതാണ് അപകടത്തിന് കാരണമായി പൊലീസ് പറയുന്നത്. ട്രാക്ടര്‍ കിണറ്റിലേക്ക് വീഴും മുന്‍പ് ഡ്രൈവര്‍ പുറത്തു ചാടി ഓടിരക്ഷപ്പെട്ടു. സ്ത്രീകളുമായി ട്രാക്ടര്‍ കിണറ്റില്‍ മുങ്ങിത്താണു. ട്രാക്ടര്‍ തലകീഴായി മറിഞ്ഞതു കാരണം തൊഴിലാളികള്‍ അടിയില്‍ കുടുങ്ങി.
രണ്ട് സ്ത്രീകളെയും ഒരു പുരുഷനേയും മാത്രമാണ് ഓടിക്കൂടിയ നാട്ടുകാര്‍ക്ക് രക്ഷപ്പെടുത്താനായത്. ക്രെയിന്‍ ഉപയോഗിച്ച് ട്രാക്ടര്‍ കിണറ്റില്‍ നിന്ന് പൊക്കി മാറ്റിയ ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്. താരാഭായ് ജാദവ് (35), ദുര്‍പത സത്വാജി ജാദവ് (18), സിമ്രാന്‍ സന്തോഷ് കാംപ്ലെ (18), സരസ്വതി ലഖാന്‍ ഭുരാദ് (25), ഛത്രഭായ് മാധവ് പര്‍ദെ (45), മീണ റൗട്ട് (25), ജ്യോതി സരേദേ (30) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
എസ്.പി. ജില്ലാ കലക്ടര്‍ തുടങ്ങി ബന്ധപ്പെട്ട അധികൃതര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ അടിയന്തിര ധനസഹായം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഓടിരക്ഷപ്പെട്ട ഡ്രൈവറെ ഇതുവരെ കണ്ടെത്താനായിട്ടില്ല.