മത്സ്യബന്ധനത്തിനിടയിൽ ശരീരത്തിന്റെ ഒരുവശം തളർന്ന് ഉൾക്കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളിയെ സാഹസികമായി രക്ഷപ്പെടുത്തി. കാസർകോട് പള്ളിക്കരയിലെ മത്സ്യത്തൊഴിലാളി സലോമനെയാണ് തീരദേശ പൊലിസും റെസ്ക്യൂഗാർഡും ഫിഷറീസ് വകുപ്പും ചേർന്ന് രക്ഷിച്ചത്.
രണ്ടാഴ്ച മുമ്പാണ് കോഴിക്കോട് നിന്നും സലോമനും സംഘവും മത്സ്യ ബന്ധനത്തിനായി പോയത്.ഉൾക്കടലിൽ എത്തിയപ്പോൾ പക്ഷാഘാതം പിടിപെട്ട് ശരീരത്തിന്റെ ഒരു വശം തളർന്നു. കരയിൽനിന്ന് ഏറെ അകലെയായതിനാൽ പുറംലോകവുമായി ബന്ധപ്പെടാനായില്ല.
ഒടുവിൽ ബുധനാഴ്ച ഹാം റേഡിയോ വഴി തൃക്കരിപ്പൂർ തീരദേശ പൊലിസിനെ വിവരം അറിയിച്ചു.ഉടൻ തന്നെ നീന്തൽ വിദഗ്ധനായ ഹൊസ്ദുർഗ് എസ്.ഐ എം.ടി.പി സൈഫുദീനും സംഘവും രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടു. വൈകുന്നേരം ആറ് മണിയോടെ സംഘം സലോമനുള്ള ബോട്ടിന് സമീപം എത്തി.
നടുക്കടലിലെ 8 മണിക്കൂർ നീണ്ട സാഹസികമായ രക്ഷാപ്രവർത്തനത്തിനുശേഷം രാത്രിയോടെ സലോമനെ പള്ളിക്കരയിലെത്തിച്ചു. നേരത്തെ കോസ്റ്റൽ പൊലീസിലുള്ളപ്പോഴും അതിന് മുമ്പ് ഓസ്ട്രേലിയയിൽ സന്നദ്ധ സംഘടനയിലും കടലിൽ പ്രവർത്തിച്ചുള്ള സൈഫുദീന്റെ പരിചയവും ദൗത്യത്തിന് കരുത്തായി. നിലവിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് സലോമൻ.