വെള്ളയും വെള്ളയും ഇട്ട് നാട്ടുകാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ഒരു പഞ്ചായത്ത് അംഗം ഓൺലൈൻ ഫുഡ് ഡെലിവറി ബോയ് ആയി വരുന്നത് കണ്ടിട്ടുണ്ടോ? ഫുൾ ടൈം രാഷ്ട്രീയം ഉണ്ടെങ്കിലും സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്ന ആലുവ ചൂർണിക്കര 2 ആം വാർഡ് അംഗം രാജേഷ് പുത്തനങ്ങാടി സൂപ്പറാണെന്ന് പറയുന്നത് വെറുതെയല്ല.
വാർഡ് മെമ്പർ ഫുഡ് ഡെലിവറിക്ക് ഇറങ്ങുമെന്ന് ആരെങ്കിലും വിചാരിക്കുമോ? അവിടെയാണ് രാജേഷ് വേറിട്ട് നിൽക്കുന്നത്. 9000 രൂപയാണ് പഞ്ചായത്ത് അംഗത്തിൻ്റെ വേതനം. അതുകൊണ്ട് വണ്ടിക്ക് ഇന്ധനമടിക്കാൻ പോലും തികയില്ലന്ന് രാജേഷ് പറയുന്നു. അതോടെ പൊതു പ്രവർത്തനത്തിനൊപ്പം ജീവിത മാർഗവും കണ്ടെത്തി.
രാവിലെ 6.30 മുതൽ 9 വരെ സൂപ്പർ മാർക്കറ്റിൽ സെയിൽസ് മാൻ, 9 മുതൽ 2 മണി വരെ പഞ്ചായത്തംഗം, ഉച്ചകഴിഞ്ഞ് 2 മുതൽ ഓൺ ലൈൻ ഫുഡ് ഡെലിവറി. അങ്ങനെ ഒരു ദിവസം രാജേഷിന് മൂന്ന് റോളുകൾ.
രാഷ്ട്രീയം ഒരു തൊഴിലാകരുതെന്നും ഒരു ജീവിത ശൈലിയാക്കുന്നതാണ് നല്ലതെന്നുമാണ് രാജഷിൻ്റെ പക്ഷം. സ്വന്തമായി അധ്വാനിച്ച് ജോലി ചെയ്യുമ്പോഴാണ് സമൂഹത്തോട് പ്രതിബന്ധത വരുന്നതെന്നും രാജേഷ്.