TOPICS COVERED

കയ്യിലെടുക്കുമ്പോഴേ ശര്‍ക്കരയില്‍ നിന്ന് ഇ‌ഞ്ചിയുടെയും ഏലത്തിന്‍റെയും കുരുമുളരിന്‍റെയുമെല്ലാം വാസന... ശര്‍ക്കര രൂപവും ഭാവവും മാത്രമല്ല രുചിയിലും പരിഷ്കാരിയായി വിപണിയിലേക്ക് എത്തുകയാണ്. ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപന (ഐ സി ആർ - ഐ ഐ എസ് ആർ)മാണ് സുഗന്ധം പേറുന്ന ഈ ശര്‍ക്കര ക്യൂബുകള്‍ തയ്യാറാക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ സത്തു ചേർത്ത് ഏകീകൃത വലുപ്പത്തിലും തൂക്കത്തിലും ശർക്കരയുടെ കട്ടകളായാണ് ഇവ തയാറാക്കുന്നത്. ഐഐഎസ്ആര്‍– ലെ പോസ്റ്റ് ഹാർവസ്റ്റ് ടെക്നോളജി വിഭാഗമാണ് സ്പൈസ് ഇൻഫ്യൂസ്‌ഡ് ജാഗ്ഗറി ക്യൂബസ് (സുഗന്ധവ്യഞ്ജന രുചി ചേർത്ത ശർക്കര) വികസിപ്പിച്ചത്. 

ഭൗമസൂചിക പദവിയുള്ള മറയൂർ ശർക്കര ഉപയോഗിച്ചാണ് സുഗന്ധ വ്യഞ്ജനരുചിയുള്ള ശര്‍ക്കരയുടെയും നിര്‍മ്മാണം.  നാല് ഗ്രാം വരുന്ന ക്യൂബുകളായാണ് ഉത്പാദിപ്പിക്കുക. ചൂടുവെള്ളം, ചായ, കാപ്പി തുടങ്ങിയ പാനീയങ്ങളില്‍ ഇവ ഉപയോഗിക്കാം. ശർക്കരയിലടങ്ങിയിരിക്കുന്ന സുഗന്ധവ്യഞ്ജനത്തിന്‍റെ നൂറു ശതമാനവും, തയ്യാറാക്കുന്ന പാനീയത്തില്‍ പൂർണമായും ലയിച്ചു ചേരും. മറിച്ച് പൊടികള്‍ ചേര്‍ത്താണ് നിര്‍മാണമെങ്കില്‍ ഇതിന്‍റെ തോത് 40 മുതല്‍ 60 ശതമാനത്തോളമേ ലയിക്കുകയുള്ളൂ. 150മില്ലി വരുന്ന ഒരു ഗ്ലാസിനു മൂന്നു ക്യൂബ് എന്ന രീതിയിൽ ഉപയോഗിക്കാം. ജലാംശം കുറവുള്ളതിനാൽ എട്ടുമാസം വരെ കേടു കൂടാതെ സാധാരണ താപനിലയിൽ സൂക്ഷിക്കാൻ കഴിയും. പഞ്ചസാരയ്ക്ക് പകരം ആരോഗ്യപ്രദമായി ഈ ഉത്പന്നം ഉപയോഗിക്കാൻ കഴിയുമെന്ന് ഗവേഷണ സ്ഥാപക ഡയറക്‌ടർ ഡോ.ആർ ദിനേശ് പറഞ്ഞു.

ഉപഭോഗവസ്‌തു എന്ന നിലയിൽ അന്താരാഷ്ട്ര വിപണിയിലുള്‍പ്പെടെ ശർക്കരയ്ക്ക് മികച്ച വിപണിയും ആവശ്യകതയുമാണ് നിലവിലുള്ളത്. അതിനാല്‍ ശർക്കര ക്യൂബുകൾക്കും വിദേശത്ത് ഉള്‍പ്പെടെ മികച്ച വിപണി ലഭിക്കുമെന്നാണ് പ്രതീക്ഷ. വിദേശവിപണിയിലെ ഡിമാന്‍ഡിനെ മറയാക്കി മായം ചേർത്ത ശർക്കരയുടെ സാന്നിധ്യം വിപണിയിലുടനീളം കാണാം. ഇതിനൊരു പ്രതിവിധിയായിക്കൂടിയാണ് ഈ ഉല്പന്നം നിര്‍മിച്ചതെന്ന്  ഐഐഎസ്ആർ അധികൃതര്‍ പറയുന്നു. 

ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രഞ്ജ ഡോ. ഇ ജയശ്രീ, ഗവേഷക വിദ്യാർഥി മീര മോഹൻ, ശാസ്ത്രജ്ഞരായ ഡോ.പി വി അൽഫിയാ, ഡോ.കെ അനീസ്, ഡോ.പി രാജീവ്, ഡോ.സി ശാരതാംബാൾ എന്നിവര്‍ അടങ്ങിയ സംഘമാണ് ഉല്പാദനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.  ഐഐഎസ്ആറില്‍ വച്ചു നടന്ന ചടങ്ങിൽ കൃഷിമന്ത്രി പി പ്രസാദാണ് സുഗന്ധവ്യഞ്ജന രുചി ചേർത്ത ശർക്കരയുടെ വാണിജ്യ ഉല്പാദനത്തിനുള്ള ലൈസൻസ് തൃശൂരിലുള്ള സിഗ്‌നചർ ഫുഡ്‌സ് എന്ന സ്ഥാപനത്തിന് കൈമാറിയത്. വൈകാതെ തന്നെ സിഗ്നച്ചര്‍ ഫുഡ്സ് വഴി ശര്‍ക്കര ക്യൂബ്സ് വിപണിയില്‍ എത്തും. ഉത്പന്നത്തിന്‍റെ പേറ്റന്‍റിനായി ഗവേഷണ സ്ഥാപനം അപേക്ഷിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

ICAR-IISR has developed a unique innovation in the form of spice-infused jaggery cubes, combining the aromatic essence of ginger, cardamom, and cumin. These cubes not only offer a distinctive fragrance but also come in standardized shapes and sizes. The spice-infused jaggery cubes are crafted using post-harvest technology, blending aromatic spices to create a new, refined taste for the modern market.