ജീവിതത്തില്‍ മദ്യപിച്ചിട്ടില്ല. പക്ഷേ മദ്യപാനിയെന്ന ചീത്തപ്പേര് സ്വന്തം സ്ഥാപനം തന്നെ ചാര്‍ത്തിയതിലെ വ്യസനം തല്‍ക്കാലം ടി.കെ ഷിബീഷിന് മറക്കാം. ഷിബീഷിനെ കുടുക്കിയ ബ്രത്ത് അനലൈസറിന് പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചാണ് കെഎസ്ആര്‍ടിസി സ്വന്തം ഡ്രൈവറെ കുറ്റവിമുക്തനാക്കിയത്.
കഴിഞ്ഞ ഞായാറാഴ്ച പതിവുപോലെ കോഴിക്കോട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്യൂട്ടിക്ക് എത്തിയതാണ് ഷിബീഷ് കുടുങ്ങിയത്. കോഴിക്കോട് മാനന്തവാടി റൂട്ടിലെ ബസ് എടുക്കുന്നതിന് മുൻപ് ബ്രത്തനലൈസറിൽ പരിശോധനയ്ക്കു വിധേയമായി, അപ്പോഴാണ് ബീപ് ശബ്ദം, ജീവിതത്തിൽ ഇന്നുവരെ മദ്യപിച്ചിട്ടില്ലാത്ത, തൻ്റെ ശരീരത്ത് മദ്യത്തിൻ്റെ സാന്നിധ്യമോ, ഷിബീഷ് ഞെട്ടി, മെഷീനിൽ ബീപ് ശബ്ദം കേട്ടു ഷിബീഷേ, ഇന്ന് ഇനി ഡ്യൂട്ടിക്ക് കയറേണ്ട, സ്റ്റേഷൻ മാസ്റ്ററുടെ നിർദേശവും എത്തി, എന്തും ചെയ്യണമെന്ന് അറിയാതെ ഷിബീഷ് വിയർത്തു, അപ്പോഴേക്കും മദ്യപിച്ചിട്ടില്ലാത്ത ഷിബീഷ് മദ്യപിച്ചുവെന്ന വാർത്ത പരന്നു.
കെഎസ്ആർടിസി ഡിപ്പോയുടെ ഒരു തൂണിൽ ചാരി ഷിബീഷ് ആരോടൊക്കെയോ ഫോണിൽ സംസാരിക്കുകയായിരുന്നു ഞായറാഴ്ച രാവിലെ ഞങ്ങൾ കാണുമ്പോൾ, മദ്യപിച്ചിട്ടില്ലാത്ത ഒരാളുടെ എല്ലാ ധൈര്യവും ഷിജീഷിൻ്റെ മുഖത്തുണ്ടായിരുന്നു, ഞാൻ ഹോമിയോ മരുന്ന് കഴിക്കുന്നുണ്ട്, പനിയ്ക്കും ചുമയ്ക്കും ഡോക്ടർ കുറിച്ചു തന്ന ചീട്ടാണിതെന്ന് പറയുമ്പോൾ , ഒരു മനുഷ്യൻ്റെ സർവ നിസഹായതും ഷിബീഷിൻ്റെ മുഖത്തുണ്ടായിരുന്നു.
സ്റ്റേഷൻ മാസ്റ്റർ നിലപാടിൽ ഉറച്ചു നിന്നു, തുടർ പരിശോധന നടത്തി താൻ മദ്യപിച്ചിട്ടില്ലെന്ന തെളിയിക്കുമെന്ന് ഷിബീഷും, സത്യം ജയിക്കുമെന്ന ധൈര്യമാകാം, ഷിബീഷ് ചൊവ്വാഴ്ച തിരുവനന്തപുരത്തേക്ക് വണ്ടി കയറി, കെഎസ്ആർടിസി യുടെ മെഡിക്കൽ സംഘത്തിൻ്റെ മുന്നിൽ പരിശോധനയ്ക്കു വിധേയമായി. ഹോമിയോ മരുന്ന് കഴിക്കാതെ മെഡിക്കൽ സംഘം പരിശോധിച്ചപ്പോൾ ഷിബീഷ് മദ്യപിച്ചിട്ടില്ല, ഹോമിയോ കഴിച്ച ശേഷവും പരിശോധവും നടത്തി, അപ്പോൾ ദാ ബീപ് ശബ്ദം, ഇതാണ് ഞായറാഴ്ചയും സംഭവിച്ചതെന്ന് ഇതിൽ കൂടുതൽ വ്യക്തമായി ഷിബീഷിന് ആരോടും വിശദീകരിക്കേണ്ടി വന്നില്ല; ഹോമിയോ മരുന്നില ആൾക്കഹോൾ സാന്നിധ്യമാണ് വില്ലനായത്. അങ്ങിനെ നിരപരാധിത്വം തെളിച്ച ഷിബീഷ് നാളെ ഡ്യൂട്ടിക്ക് കയറും , ക്ലീൻ ചിറ്റോടെ !
ഷിബീഷിന്‍റെ ദുര്‍വിധിക്ക് പിന്നിലെ വില്ലനായ ബ്രത്തനലൈസറാണ് ഇപ്പോള്‍ പ്രതിക്കൂട്ടില്‍ . അതോടെ ബ്രത്തനലൈര്‍ പരിശോധനയ്ക്ക് ചില മാനദണ്ഡങ്ങളും കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തി. .മരുന്നു കഴിക്കുന്നുണ്ടെന്ന് ജീവനക്കാർ അറിയിച്ചാൽ 20 മിനിറ്റ് ശേഷം വീണ്ടും പരിശോധന നടത്തണം. രണ്ടാമത്തെ പരിശോധനയിൽ 0mg/100 ml റീഡിങ് ലഭിച്ചാൽ ഡ്യൂട്ടിക്ക് പ്രവേശിപ്പിക്കാം. രണ്ടാമത്തെ പരിശോധനയിലും പോസിറ്റീവായി കണ്ടെത്തിയാൽ ഡ്യൂട്ടിയിൽ നിന്നും മാറ്റിനിർത്താമെന്നതാണ് പുതിയ മാനദണ്ഡം.