പെരുമ്പാവൂരിലെ അറയ്ക്കൽപ്പടിയിലുള്ള സ്ഥാപനത്തില്‍ യുവാക്കള്‍ നേരിടേണ്ടിവന്നത് കടുത്ത തൊഴിൽ ചൂഷണവും പീഡനവുമെന്ന് കൊച്ചിയിലെ ഡയറക്ട് മാർക്കറ്റിങ് സ്ഥാപനത്തിലെ മുൻ ജീവനക്കാർ. എറണാകുളത്തും സമീപ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലുമായി പ്രവർത്തിക്കുന്ന ഡയറക്ട് മാർക്കറ്റിങ് കമ്പനികളിലെ ജീവനക്കാരാണ് മനുഷ്യത്വരഹിതമായ പീഡനങ്ങളും അവഹേളനവും ഏറ്റുവാങ്ങിയതിന്റെ വെളിപ്പെടുത്തലുകളുമായി രംഗത്തുവരുന്നത്.
ജീവനക്കാർ പാന്റ്സ് ഊരി കഴുത്തിൽ ബെൽറ്റ് ധരിച്ച് നായ്ക്കളെ പോലെ മുട്ടിൽ ഇഴയുകയും നാണയം നക്കിയെടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണു പുറത്തുവന്ന വിഡിയോയിൽ ഉള്ളത്. പ്രഷർ കുക്കർ, പാത്രങ്ങൾ, തേയില, കറിപൗഡർ പോലുള്ള വസ്തുക്കൾ വീടുകളിൽ കയറി വിൽപ്പന്ന നടത്തുന്നവരാണു ജീവനക്കാർ. ഇവർ ഓരോ മാസത്തേയും ടാർഗറ്റ് തികച്ചില്ല എന്ന പേരിലാണു ക്രൂര പീഡനം. ഇത്തരത്തിൽ മോശം സാഹചര്യങ്ങൾ മൂലം ജോലി നിർത്തി പോവേണ്ടി വന്ന ജീവനക്കാരിലൊരാൾ സ്വന്തം അനുഭവം പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്.
‘ജോലിക്ക് വന്ന 30ലേറെ പേർക്കായി ഒരു വീട് എടുത്തുതന്നു. ആകെ രണ്ട് ശുചിമുറികൾ മാത്രമുള്ള വീടാണ്. വെളുപ്പിനെ മുതൽ അസിസ്റ്റന്റ് മാനേജർ എന്നു പറയുന്ന ഏജന്റ് എല്ലാവരെയും എഴുന്നേൽപ്പിക്കും. തുടർന്നാണ് ജോലിയെക്കുറിച്ചുള്ള ക്ലാസുകൾ നൽകുന്നത്. അപ്പോഴാണ് ജോലി ഡയറക്ട് മാർക്കറ്റിങ്ങാണ് എന്നറിയുന്നത്. പലതരം പാത്രങ്ങൾ, തറയും ശുചിമുറിയും മറ്റും കഴുകാനുള്ള ലിക്വിഡുകൾ, ഫ്രൈയിങ് പാൻ, പല തരത്തിലുള്ള ബോക്സുകൾ, തേയില, കറി പൗഡറുകൾ തുടങ്ങിയ സാധനങ്ങൾ വീടുകളിലും മറ്റും കൊണ്ടുപോയി വിൽക്കലാണ് ജോലി. ഏതാനും ദിവസം കഴിയുമ്പോൾ ആളുകളെ പരിചയപ്പെട്ട് ആത്മവിശ്വാസം ഉണ്ടാക്കാൻ എന്നുപറഞ്ഞ് സാധനങ്ങളുമായി പുറത്തേക്ക് വിടും. 20 രൂപയാണ് രാവിലെ തരുന്നത്. അത് കഴിഞ്ഞ് ഭക്ഷണം കഴിക്കണമെങ്കിലോ മറ്റ് ആവശ്യങ്ങൾക്ക് പണം വേണമെങ്കിലോ വിൽക്കുന്ന സാധനത്തിന്റെ യഥാർഥ വിലയേക്കാൾ കൂടുതൽ വിലയ്ക്ക് വിറ്റ് വേണം പണം കണ്ടെത്താൻ.
ക്ലോസറ്റ് നക്കിപ്പിച്ച സംഭവം പോലും ഉണ്ടായിട്ടുണ്ട്. കഴുത്തിൽ നായയുടെ ബെൽറ്റ് ധരിപ്പിച്ച് നടത്തിക്കും. തറ നക്കിപ്പിക്കും. തറയിൽ കിടക്കുന്ന നാണയം നക്കി എടുപ്പിക്കും. മർദനവും ഏറ്റിരുന്നു. ഇതെല്ലാം വാശി കൂട്ടാനാണ് എന്നാണ് പറയുന്നത്. വാശി കൂടിയാൽ പിറ്റേന്ന് ടാർഗറ്റ് തികയ്ക്കും. പിന്നാലെ തന്നെ ശിക്ഷിച്ച ആളെ പിറ്റേന്ന് ശിക്ഷിക്കാം. അത്രത്തോളം തമ്മിൽ തമ്മിൽ ശത്രുതയും ഉണ്ടാക്കിയിരുന്നു. ടാർഗറ്റ് തികയ്ക്കാത്തവരെ വെളുപ്പിനെ 3 മണിക്കൊക്കെ വിളിച്ചുണർത്തി ഭിത്തിയിൽ നോക്കി സംസാരിക്കാൻ പറയുന്നതാണ് മറ്റൊരു ശിക്ഷ ’
അതേ സമയം പീഡനം ഉണ്ടായിട്ടില്ലെന്ന് ദൃശ്യങ്ങളിലെ യുവാവ് മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. സ്ഥാപന ഉടമയെ മോശക്കാരനാക്കാന്‍ മുന്‍ മാനേജര്‍ മനാഫ് ചിത്രീകരിച്ച ദൃശ്യങ്ങളാണിവ. മനാഫ് നിര്‍ബന്ധിച്ച് ചെയ്യിപ്പിച്ചതാണ്. വൈരാഗ്യം തീര്‍ക്കലായിരുന്നു ലക്ഷ്യം. മാസങ്ങള്‍ക്ക് മുന്‍പ് ചിത്രീകരിച്ച ദൃശങ്ങളാണെന്നും യുവാവിന്റെ മൊഴി. മുന്‍ മാനേജര്‍ മനാഫിനെ കമ്പനി പുറത്താക്കിയിരുന്നു. മനാഫിനെതിരെ പൊലീസിലും ലേബര്‍ ഓഫിസര്‍ക്കും യുവാക്കള്‍ പരാതി നല്‍കി.ജീവനക്കാരുടെ കഴുത്തിൽ ബെൽറ്റ് കെട്ടി നായയെ പോലെ നടത്തിച്ച ദൃശ്യങ്ങൾ പുറത്തായതോടെ വന്‍പ്രതിഷേധമായിരുന്നു അരങ്ങേറിയത്. പുറത്തു വന്ന ദൃശ്യങ്ങളിൽ പോലീസ് അന്വഷണം ആരംഭിക്കുകയും ചെയ്തിരുന്നു. കഴുത്തിൽ ബെൽറ്റ് ഇട്ട് മുട്ടിൽ ഇഴയിച്ചു,തറയിൽ നിന്ന് നാണയവും പഴകിയ ആഹാരവും നക്കി എടുപ്പിക്കുകയും ചെയ്യുന്ന രംഗങ്ങളായിരുന്നു വിഡിയോയില്‍.