ib-officer-family-probe

പ്രണയത്തകര്‍ച്ചയെ തുടര്‍ന്ന് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയതിന്‍റെ ഞെട്ടല്‍ കേരളത്തിന് ഇനിയും വിട്ടുമാറിയിട്ടില്ല. അടക്കാനാവാത്ത സങ്കടത്തിലും മകളുടെ മരണത്തില്‍ കാരണം തേടി പിതാവും,അമ്മാവനും കൂടി നടത്തിയ അന്വേഷണമാണ് ജീവനൊടുക്കിയ ഐ.ബി.ഉദ്യോഗസ്ഥ നേരിട്ട കൊടിയ ചൂഷണങ്ങള്‍ അതിവേഗം വെളിച്ചത്തു കൊണ്ടുവന്നത്.ഓണ്‍ലൈന്‍,യുപിഐ സാമ്പത്തിക ഇടപാടുകളാണ് പെട്ടെന്ന് വഴികാട്ടിയത്.

മകള്‍ മരിച്ച് രണ്ടാംദിവസമായിരുന്നു സംസ്കാരം. വിവാഹ ആലോചനയ്ക്കായി പെയിന്‍റടിച്ച് മോടിപിടിപ്പിച്ച വീടിന്‍റെ മുറ്റത്തെ പന്തലിലാണ് ട്രെയിനിടിച്ച് മരിച്ച 24വയസുകാരിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത്.പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നു എങ്കിലും കടുത്ത സങ്കടത്തിലും കുടുംബം ഒന്നും തുറന്നു പറഞ്ഞില്ല.സഞ്ചയനച്ചടങ്ങുകള്‍ക്ക് ശേഷമാണ് അന്വേഷണം തുടങ്ങിയത്.

നോയിഡയില്‍ ഫൊറന്‍സിക് പഠനം, ഐബിയിലേക്ക്..

നോയിഡയിലായിരുന്നു പെണ്‍കുട്ടിയുടെ ഫൊറന്‍സിക് സയന്‍സിലെബിരുദ പഠനം. പിന്നീട് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ പരീക്ഷയ്ക്കുള്ള പരിശീലനം. ഇതിനിടയിലാണ് ഐബിയിലേക്കുള്ള പരീക്ഷ എഴുതുന്നതും തിരഞ്ഞെടുക്കപ്പെടുന്നതും. ജോലികിട്ടിയ ശേഷം ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി.ജോലിക്കാര്യങ്ങള്‍ പുറത്ത് പറയരുത്, വീട്ടുകാര്‍ പോലും ജോലിയുടെ വിശദാംശങ്ങള്‍ അന്വേഷിക്കരുത് തുടങ്ങിയ നിബന്ധനകള്‍ അറിയിച്ചു. മകള്‍ ജോലിക്കായി തിരുവനന്തപുരത്തേക്ക് പോയി

ടോള്‍ പ്ലാസയില്‍ നിന്നറിഞ്ഞ പ്രണയം

തിരുവനന്തപുരം വിമാനത്താവളത്തില്‍ ആയിരുന്നു ആദ്യ പോസ്റ്റിങ്.ജോലി കിട്ടിയതിന് പിന്നാലെ മകള്‍ക്ക് പിതാവ് ഒരു കാര്‍ സമ്മാനിച്ചു. ഒരുദിവസം പുലര്‍ച്ചെ രണ്ടിന് കാര്‍ കൊച്ചിയിലെ ടോള്‍പ്ലാസ കടന്നതായി ഫോണില്‍ സന്ദേശം എത്തി. കാര്‍ മോഷണം പോയതാണോ എന്ന് സംശയിച്ച പിതാവ് മകളെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ജീവിതത്തിലേക്കെത്തിയ സുകാന്തിനെക്കുറിച്ച് അറിഞ്ഞത്.എതിര്‍ക്കാന്‍ ഒന്നുമില്ല,സുകാന്തും ഐബി ഉദ്യോഗസ്ഥന്‍.സുകാന്തിന്‍റെ മാതാപിതാക്കള്‍ വിവാഹ ആലോചനയുമായി വരട്ടെ എന്നായിരുന്നു യുവതിയുടെ മാതാപിതാക്കളുടെ നിലപാട്.ഇതിനായാണ് വീട് മോടി പിടിപ്പിച്ചത്. കാത്തിരുന്ന വീട്ടിലേക്ക് പക്ഷേ വിവാഹ ആലോചനയല്ല യുവതിയുടെ ചേതനയറ്റ ജഡമാണ് എത്തിയത്.

ബാങ്ക് സ്റ്റേറ്റ്മെന്‍റ് പറഞ്ഞു, ഒരു ചതിയുടെ കഥ

ബാങ്ക് സ്റ്റേറ്റ്മെന്‍റാണ് പ്രണയത്തിന്‍റെയും ചതിയുടേയും കഥ പറഞ്ഞത്. സുകാന്ത് പലവട്ടം കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തി.യുവതി തിരിച്ചും. ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നതും യുവതിയുടെ പണം കൊണ്ട്.യാത്രകളില്‍ താമസിക്കുന്ന ഇടങ്ങളിലെ വാടക അടച്ചതും പെണ്‍കുട്ടിയുടെ പണം ഉപയോഗിച്ച്. 2024 ജൂലൈമാസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തിയതിന്‍റെ പണം അടച്ചതും യുവതിയുടെ കാര്‍ഡില്‍ നിന്ന്. മൂന്നരലക്ഷത്തോളം രൂപ പലപ്പോഴായി സുകാന്തിന് അയച്ചു കൊടുത്തു.അവസാന നാലു മാസത്തെ ശമ്പളം പൂര്‍ണമായും നല്‍കി. എല്ലാ പണവും സുകാന്തിന് നല്‍കിയതോടെ ഭക്ഷണത്തിന് പോലും വഴിയില്ലാത്ത അവസ്ഥയിലായിരുന്നു യുവതി എന്നാണ് സഹപ്രവര്‍ത്തകര്‍ കുടുംബത്തോട് പറഞ്ഞത്.

'ഒന്നൊഴിവാക്കിത്തരുമോ?'...തീരാതെ ചൂഷണം

ഗര്‍ഭഛിദ്രം കഴിഞ്ഞിട്ടും സുകാന്ത് വിവാഹത്തോട് മുഖം തിരിച്ചു. 'മകളോട് താല്‍പര്യമില്ല,എങ്ങനെയെങ്കിലും ഒഴിവാക്കിത്തരണം എന്ന്' യുവതിയുടെ അമ്മയ്ക്ക് സന്ദേശം അയച്ചു. എന്നിട്ടും ഒരുമിച്ചുള്ള യാത്രകളും ശാരീരികവും,മാനസികവുമായ ചൂഷണവും തുടര്‍ന്നു. കഴിഞ്ഞ ഫെബ്രുവരിയിലെ ശമ്പളം വരെ സുകാന്ത് കൈക്കലാക്കിയിരുന്നു. മുന്‍പറിയാവുന്ന കാര്യങ്ങളും,അന്വേഷണങ്ങളിലൂടെ അറിഞ്ഞതും ചേര്‍ത്താണ് കുടുംബം പൊലീസിനെ കണ്ടത്. ഒരുഘട്ടത്തിലും ഐബിയേയോ, പൊലീസിനേയോ വിശ്വാസത്തില്‍‍ എടുക്കാതിരുന്നില്ല. തങ്ങള്‍ക്ക് കിട്ടിയ തെളിവുകളും സംശയങ്ങളും പൊലീസിനെ അറിയിച്ചു. കുടുംബത്തിന്‍റെ നിരന്തര ഇടപെടല്‍ കൂടിയാണ് മരണത്തിന്‍റെ പത്താംദിനം സുകാന്തിനെതിരെ ബലാല്‍സംഗക്കുറ്റവും ചുമത്തുന്നതിലേക്ക് എത്തിച്ചത്.

ENGLISH SUMMARY:

The shock of the IB officer's suicide due to a breakup still lingers in Kerala. In the midst of unbearable grief, it was the investigation conducted by the father and maternal uncle, seeking the cause of their daughter's death, that brought to light the severe exploitation faced by the IB officer.