കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ വിപ്ളവ ഗാനവിവാദം കോടതി കയറിയപ്പോള്‍ മറ്റൊരിടത്ത് ഭക്തിഗാനം നാടിന്റെ മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുകയാണ്. കൊല്ലം ചിറ്റുമല ദുര്‍ഗാദേവി ക്ഷേത്രത്തില്‍ കഴിഞ്ഞദിവസം നടന്ന കെജി മാര്‍ക്കോസിന്റെ ഗാനമേളയാണ് നാടിന് പുതിയൊരനുഭവമായത്. കാണികള്‍ ആവശ്യപ്പെട്ടപ്പോള്‍ മാര്‍ക്കോസ് തന്റെ സൂപ്പര്‍ ഹിറ്റായ ഇസ്രായേലിന്‍ നാഥനായി എന്ന പാട്ട് പാടുകയായിരുന്നു.
ക്ഷേത്രമെന്നോ പളളിയെന്നോ വ്യത്യാസമില്ലാതെ മാര്‍ക്കോസിന്റെ ഗാനമേളയ്ക്ക് ഒത്തുചേരുന്നവര്‍ മാര്‍ക്കോസില്‍ നിന്ന് പ്രതീക്ഷിക്കുന്ന പാട്ടാണിത്. ചിറ്റുമലക്കാരും ഇസ്രായേലില്‍ നാഥനായി എന്ന പാട്ടിനൊപ്പം അലിഞ്ഞുചേര്‍ന്നു. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചിറ്റുമലയുടെ മതസൗഹാര്‍ദത്തെക്കുറിച്ചാണ് കുറിപ്പുകള്‍. ഉല്‍സവപ്പറമ്പിനെ ധന്യമാക്കിയ കെ.ജി.മാര്‍ക്കോസ് എന്ന അനുഗ്രഹീത ഗായകനോടും നാട് നന്ദി അറിയിക്കുന്നു. ചിറ്റുമല ദേവീക്ഷേത്രത്തിലെ ഉല്‍സവത്തിന് കൊടിയേറിയ കഴിഞ്ഞ മൂന്നിന് രാത്രിയായിരുന്നു കെ.ജി. മാര്‍ക്കോസിന്റെ ഗാനമേള. കാണികള്‍ ആവശ്യപ്പെട്ടപ്പോള്‍ പാടാന്‍ പറ്റുമോയെന്ന് മാര്‍ക്കോസിനും സംശയം ഉണ്ടായിരുന്നുവെന്ന് ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികള്‍ പറഞ്ഞു.
കല്ലട വലിയപളളിയുമായി ഇഴചേരുന്നതാണ് ചിറ്റുമല ക്ഷേത്രത്തിലെ ഉല്‍സവം. കല്ലട വലിയപളളിയില്‍ നിന്നുളള പളളിവാതുക്കല്‍ വണ്ടിക്കുതിര ക്ഷേത്രത്തില്‍ എത്തുന്ന ചടങ്ങ് ആചാരമായി ഇന്നും തുടരുന്നു.