മടവൂര്‍ ഖാഫില എന്ന യൂട്യൂബ് ചാനല്‍, ‌‌‌‌ചാനലില്‍ നിറയെ പ്രഭാഷണങ്ങളും ആത്മിയ കാര്യങ്ങളും, ജോലി എന്താണെന്നോ വീട്ടിലെ കുട്ടികളുടെ കാര്യമോ പുറത്ത് പറയാതെ നാട്ടുകാരോട് സമ്പര്‍ക്കം ഇല്ലാത്ത ജീവതം, മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചതിനു പിന്നാലെ പുറത്തുവരുന്നത് സിറാജുദ്ദീനെ പറ്റിയുള്ള നിഗൂ‍ഢതകളാണ്. 

പെരുമ്പാവൂര്‍ സ്വദേശി അസ്മയാണ് വീട്ടിലെ പ്രസവത്തിനിടെ മരണപ്പെട്ടത്. അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്. ഭാര്യയുടെ മരണത്തിന് പിന്നാലെ മൃതദേഹം ഭര്‍ത്താവ് സിറാജുദ്ദീൻ ഭാര്യയുടെ നാടായ പെരുമ്പാവൂരിലേക്ക് കൊണ്ടുപോയി. വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം പൊലീസ് ഇടപെട്ട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.വേദനകൊണ്ട് പുളഞ്ഞ ഭാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കരഞ്ഞപേക്ഷിച്ചിട്ടും സിറാജുദ്ദീൻ അനുവദിച്ചില്ലെന്നാണ് വിവരം.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വീട്ടിൽ പ്രസവം നടന്നത് ഇന്നലെ വൈകുന്നേരം 6 മണിക്കാണ്. യുവതി മരിച്ചു എന്നറിഞ്ഞത് ഒൻപതു മണിക്കുമായിരുന്നു. യുവതി മരിച്ചു എന്ന് പിന്നീട് ഭർത്താവ് വീട്ടുകാരെ വിളിച്ചറിയിക്കുകയായിരുന്നു. മൃതദേഹവുമായി വീട്ടിലെത്തിയപ്പോൾ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, ഇൻക്വസ്റ്റ് നടപടികൾ പുരോ​ഗമിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം തുടർനടപടികളുണ്ടാവുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

മന്ത്രവാദവും അന്ധവിശ്വാസവും കൊണ്ടുനടന്ന ഇയാള്‍ സിദ്ധവൈദ്യത്തില്‍ ആണ് വിശ്വാസമര്‍പ്പിച്ചിരുന്നത്. ആദ്യത്തെ നാലു പ്രസവങ്ങളും വീട്ടില്‍ത്തന്നെയായിരുന്നു നടത്തിയിരുന്നത്. ഒന്നര വര്‍ഷം മുന്‍പാണ് ഈ കുടുംബം ചട്ടിപ്പറമ്പിലെ വാടകവീട്ടിലെത്തുന്നത്. ഈ വീട്ടില്‍ താമസിക്കുന്നത് ആരൊക്കെയാണെന്നുപോലും നാട്ടുകാര്‍ക്കോ അയല്‍ക്കാര്‍ക്കോ അറിയില്ല. പേര് പോലും അറിയാത്ത ദുരൂഹത നിറഞ്ഞ കഥാപാത്രമാണെന്നാണ് നാട്ടുകാരില്‍ പലരും ഇയാളെക്കുറിച്ചു പറയുന്നത്. ഈ കുടുംബത്തില്‍ നാലു കുട്ടികള്‍ ഉള്ളതുപോലും ആര്‍ക്കും അറിയില്ല. കുട്ടികളെ സ്കൂള്‍ വണ്ടിയില്‍ വിടാനായി മാത്രമാണ് സിറാജുദ്ദീന്റെ ഭാര്യ പുറത്തിറങ്ങുന്നത്. ഒന്‍പതാം ക്ലാസിലും രണ്ടാംക്ലാസിലും എല്‍കെജിയിലും പഠിക്കുന്ന കുട്ടികളെ പലരും കണ്ടിട്ടുണ്ടെങ്കിലും മറ്റൊരു കുഞ്ഞുകൊച്ച് കൂടി അവിടെയുണ്ടെന്നുള്ളത് ആര്‍ക്കും അറിവില്ല.

കഴിഞ്ഞ ദിവസം ഈ സ്ത്രീയെ പുറത്തുകണ്ടപ്പോള്‍ അയല്‍ക്കാരി ഗര്‍ഭിണിയാണോ എന്നു ചോദിച്ചെന്നും എട്ടുമാസം ഗര്‍ഭിണിയാണെന്നു മറുപടി പറഞ്ഞെന്നും നാട്ടുകാര്‍ പറയുന്നു. സിറാജുദ്ദീന് എന്താണ് ജോലിയെന്നും നാട്ടുകാര്‍ക്ക് അറിയില്ല. കാസര്‍കോട് ഒരു പള്ളിയിലാണ് ജോലിയെന്നാണ് വീട്ടുടമസ്ഥനോട് പറഞ്ഞിരുന്നത്. പ്രഭാഷണത്തിനു പോകാറുള്ളത് നാട്ടുകാരില്‍ ചിലര്‍ക്കൊക്കെ അറിയാം. ഇയാള്‍ക്കെതിരെ പല തരത്തിലുള്ള ആരോപണങ്ങളും നേരത്തേ വന്നിട്ടുണ്ടെങ്കിലും എല്ലാത്തിനും യുട്യൂബ് ചാനലിലൂടെയായിരുന്നു മറുപടി പറഞ്ഞത്. ബന്ധുക്കളോ സുഹൃത്തുക്കളോ ആരും തന്നെ ആ വീട്ടിലേക്ക് വരാറുണ്ടായിരുന്നില്ല. ഉമ്മയും ഉപ്പയും കൂടെ താമസിക്കുന്നുണ്ടെന്നും പറയപ്പെടുന്നു.

ആംബുലൻസ് ഡ്രൈവറോട് സിറാജ് യുവതിക്ക് ശ്വാസംമുട്ടൽ ആണെന്നാണ് പറഞ്ഞതെന്നും പുറത്തുവരുന്നുണ്ട്. അതേസമയം, സിറാജുദ്ദീനെ യുവതിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്തിട്ടുണ്ടെന്നാണ് വിവരം. സിറാജുദ്ദീൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

ENGLISH SUMMARY:

Asma, a woman from Perumbavoor, tragically passed away during her fifth pregnancy while giving birth at home in Chattipparambu, Malappuram. She was known for her YouTube channel, Madhavoor Khafil, which featured religious talks and personal content, yet she lived a secluded life, with little connection to the outside world. After her death, suspicions arose surrounding the actions of her husband, Sirajuddin. Reports suggest that Sirajuddin refused to take her to the hospital despite her desperate pleas, and instead, he took her body back to his native place in Perumbavoor. The police later intervened and moved the body to the Taluk hospital for further investigation. The case has raised questions about the cruelty and possible neglect leading to Asma's death.